ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർഥി. ബിഹാർ സ്വദേശിയായ ദിവ്യാൻഷു സിങ്ങാണ് വിമർശവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെത്തിയതിന് ശേഷം തങ്ങൾക്ക് റോസാപൂവ് നൽകിയത് കൊണ്ട് കാര്യമില്ലെന്ന് ദിവ്യാൻഷു പറഞ്ഞു.
ഹംഗറി അതിർത്തി കടന്നതിന് ശേഷമാണ് ഞങ്ങൾക്ക് സഹായം ലഭിച്ചത്. അതിന് മുമ്പ് ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിച്ചിരുന്നില്ലെന്ന് വിദ്യാർഥി പറഞ്ഞു. ഞങ്ങൾ സ്വന്തമായി പരിശ്രമിച്ചാണ് അതിർത്തിയിലെത്തിയത്. പത്ത് പേരുടെ സംഘമായി ചേർന്നായിരുന്നു അതിർത്തിയിലേക്കുള്ള യാത്ര. പ്രദേശവാസികളാണ് സഹായിച്ചത്.
ഒരാളും മോശമായി പെരുമാറിയില്ല. എന്നാൽ ചില വിദ്യാർഥികൾക്ക് പോളണ്ട് അതിർത്തിയിൽ മോശം അനുഭവമുണ്ടായി. അതിന് ഉത്തരവാദി കേന്ദ്രസർക്കാറാണ്. സർക്കാർ കൃത്യസമയത്ത് ഇടപ്പെട്ടിരുന്നുവെങ്കിൽ ഇത്തരമൊരു സാഹചര്യമുണ്ടാവില്ലായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.
ഇപ്പോൾ ഞങ്ങൾ ഇന്ത്യയിലെത്തി. ഇനി റോസാപ്പൂവ് തന്നിട്ട് എന്ത് കാര്യം. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ രക്ഷിതാക്കൾ ഇതുകൊണ്ട് എന്ത് ചെയ്യുമായിരുന്നുവെന്നും ദിവ്യാൻഷു ചോദിച്ചു. അതേസമയം, ഇന്ന് എട്ട് വിമാനങ്ങളിലായി 3,726 വിദ്യാർഥികളെ നാട്ടിലെത്തിക്കുമെന്ന് വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.