മമത ബാനർജി
കൊൽക്കത്ത: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ രൂക്ഷമായ ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു പഹൽഗാം ഭീകരാക്രമണം നടത്താൻ ബി.ജെ.പി 'ബ്ലൂപ്രിന്റ്' തയ്യാറാക്കിയിട്ടുണ്ടോ എന്നാണ് മമത ചോദിച്ചത്. മമതയുടെ പരാമർശം ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണെന്നും തൃണമൂൽ കോൺഗ്രസ് 'ഹിന്ദുവിരുദ്ധ' പാർട്ടിയാണെന്നും ബി.ജെ.പി ബംഗാൾ നേതൃത്വം തിരിച്ചടിച്ചു.
നദിയ ജില്ലയിലെ ബേതുവാദാഹരിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് മമതയുടെ വിവാദ പരാമർശം. കൊൽക്കത്തയെ ലക്ഷ്യംവെക്കുമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? എന്താണ് ഇതിന് പിന്നിലെ കാരണം? തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു ബ്ലൂപ്രിന്റ് തയ്യാറാക്കുകയാണോ ബി.ജെ.പി എന്നും മമത ചോദിച്ചു. ബംഗാളിലെ ജനങ്ങളെ ലക്ഷ്യം വെച്ചാൽ ബംഗാൾ തിരിച്ചടിക്കുമെന്നും, രാജ്യത്തെ ഒരു നഗരത്തെ ഭീഷണിപ്പെടുത്തുമ്പോൾ മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രി രാജിവെക്കണമെന്നും മമത ആവശ്യപ്പെട്ടു.
അതേസമയം മമതയുടെ വിവാദ പ്രസ്താവനക്കെതിരെ ബി.ജെ.പി ബംഗാൾ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തെ ഒരു തിരക്കഥ എന്ന് വിളിച്ചതിലൂടെ മമത ബാനർജി കൊല്ലപ്പെട്ട നിരപരാധികളെ അപമാനിക്കുകയാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തൃണമൂൽ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു.
2025 ഏപ്രിൽ 22-നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ അതിക്രൂരമായ ഭീകരാക്രമണം ഉണ്ടായത്. പാക് ഭീകരർ 25 വിനോദസഞ്ചാരികളെയും ഒരു കുതിര സവാരിക്കാരനെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിന് തിരിച്ചടിയായി മേയ് മാസത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ശക്തമായ ആക്രമണം നടത്തി. തുടർന്ന് പാകിസ്താന്റെ അഭ്യർത്ഥന പ്രകാരം മെയ് 10-നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.