മധുര: രാജ്യം നടുങ്ങിയ സാത്താൻകുളം കസ്റ്റഡി കൊലപാതകക്കേസിൽ വിധി പ്രഖ്യാപിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്കും മധുര ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ജയരാജ്, മകൻ ബെന്നിക്സ് എന്നിവരെ ക്രൂരമായ മർദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷക്ക് പുറമെ പ്രതികളായ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
ക്രമസമാധാനം പാലിക്കാൻ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥർ തന്നെ നിയമം കയ്യിലെടുക്കുകയും യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത അച്ഛനെയും മകനെയും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയും ചെയ്തത് അതീവ ഗൗരവകരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും വിധിന്യായത്തിൽ പരാമർശമുണ്ട്.
കൊല്ലപ്പെട്ട ജയരാജിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു എന്ന വാദം കോടതി തള്ളി. തുടർച്ചയായ മർദനമേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ശരീരത്തിലെ മുറിവുകൾ സ്വാഭാവികമല്ലെന്നും മർദനം മൂലമുണ്ടായതാണെന്നും കോടതി കണ്ടെത്തി.
2020 ജൂൺ 19-നാണ് തമിഴ്നാട്ടിലെ സാത്താൻകുളത്ത് നാടിനെ നടുക്കിയ സംഭവം നടന്നത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നു എന്നാരോപിച്ചാണ് ജയരാജിനെയും മകൻ ബെന്നിക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് ഇവർ അതിക്രൂരമായ മർദനത്തിന് ഇരയായി. പിന്നീട് ജൂൺ 22-ന് ബെന്നിക്സും ജൂൺ 23-ന് ജയരാജും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
മുൻ ഇൻസ്‌പെക്ടർ എസ്. ശ്രീധർ, സബ് ഇൻസ്‌പെക്ടർമാരായ രഘു ഗണേഷ്, ബാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾമാരായ മുരുകൻ, സാമിദുരൈ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, ചെല്ലദുരൈ, തോമസ് ഫ്രാൻസിസ്, വെയിലുമുത്തു എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായിരുന്ന സ്പെഷ്യൽ സബ് ഇൻസ്‌പെക്ടർ പോൾദുരൈ വിചാരണക്കിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് സ്വമേധയാ എടുത്ത കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സി.ബി.ഐ പ്രോസിക്യൂഷൻ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് വാദിച്ചപ്പോൾ, കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ അപേക്ഷ. ആറുവർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് തമിഴ്നാട് പൊലീസിനേറ്റ കറുത്ത പാടായി മാറിയ കേസിൽ നീതി നടപ്പിലാക്കപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.