പ്രതീകാത്മക ചിത്രം

ദേശീയപാതയിലെ ടോൾ പ്ലാസകളിൽ വൃത്തിഹീനമായ ശൗചാലയങ്ങൾ റിപ്പോർട്ട് ചെയ്താൽ പാരിതോഷികം! പ്രഖ്യാപനവുമായി ഗതാഗത മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിലെ ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്നവർക്കായി സുപ്രധാന അറിയിപ്പുകളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ശൗചാലയങ്ങൾ വൃത്തിഹീനമാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യുന്നവർക്ക് 1,000 രൂപ ഫാസ്ടാഗ് (FASTag) ക്രെഡിറ്റ് ലഭിക്കുന്ന പുതിയ പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടു. കൂടാതെ, ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ പണമിടപാടുകൾ പൂർണ്ണമായും നിരോധിച്ച് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കാനും തീരുമാനമായി.

ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ശുചിമുറികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി 'ക്ലീൻ ടോയ്ലറ്റ് പിക്ചർ ചലഞ്ച്' (Clean Toilet Picture Challenge) എന്ന എന്ന പദ്ധതി ഗതാഗത മന്ത്രാലയം അവതരിപ്പിച്ചിരുന്നു. യാത്രസമയങ്ങളിൽ ടോൾ പ്ലാസകളിലെ ശൗചാലയങ്ങൾ വൃത്തിഹീനമാണെങ്കിൽ അവയുടെ ഫോട്ടോയെടുത്ത് 'രാജ്മാർഗ് യാത്ര' (Rajmargyatra) എന്ന മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്യണം.

ലഭിച്ച ചിത്രവും പരാതിയും അധികൃതർ പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം റിപ്പോർട്ട് ചെയ്ത വ്യക്തിയുടെ ഫാസ്ടാഗ് അക്കൗണ്ടിലേക്ക് 1,000 രൂപ ക്രെഡിറ്റായി ലഭിക്കും. പൊതുജനങ്ങൾ കൂടി പങ്കാളികളാകുന്നതിലൂടെ ദേശീയപാതകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാമെന്നാണ് മന്ത്രാലയം കരുതുന്നത്.

അതേസമയം ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ നേരിട്ട് പണം സ്വീകരിക്കില്ല. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ടോൾ നൽകാൻ ഫാസ്ടാഗ് അല്ലെങ്കിൽ യു.പി.ഐ (UPI) മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. യു.പി.ഐ വഴി പണമടക്കുന്നവർ ടോൾ തുകയുടെ 25 ശതമാനം അധികം നൽകേണ്ടി വരും. ഉദാഹരണത്തിന്, 100 രൂപയാണ് ടോളെങ്കിൽ യു.പി.ഐ വഴി പണമടക്കുമ്പോൾ 125 രൂപ നൽകണം. ടോൾ പ്ലാസകളിലെ ക്യൂ കുറക്കാനും തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാനുമാണ് ഈ മാറ്റം.

ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച മറ്റൊരു പ്രധാന മാറ്റം ടോൾ ഇളവുകളുമായി ബന്ധപ്പെട്ടതാണ്. ഇനി മുതൽ ഗവൺമെന്റ് ഐഡന്റിറ്റി കാർഡുകൾ കാണിച്ചാൽ സ്വകാര്യ വാഹനങ്ങൾക്ക് ടോൾ ഇളവ് ലഭിക്കില്ല. ടോൾ ഇളവുകൾക്ക് അർഹതയുള്ളവർ അതത് വിഭാഗത്തിലുള്ള 'എക്സംറ്റഡ് ഫാസ്ടാഗുകൾ' (Exempted FASTags) നിർബന്ധമായും ഉപയോഗിക്കണം. ഫാസ്ടാഗ് വാർഷിക പാസ്സുകൾ (FASTag Annual Pass) കൂടുതൽ വ്യാപകമാക്കാനും അതുവഴി യാത്രക്കാർക്ക് ലാഭകരമായ രീതിയിൽ ടോൾ സേവനങ്ങൾ ഉപയോഗപ്പെടുത്താനും മന്ത്രാലയം നിർദ്ദേശിക്കുന്നു.

Tags:    
News Summary - Ministry of Transport announces reward for reporting unclean toilets at toll plazas on national highways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.