ന്യൂഡൽഹി: ബി.ജെ.പിയുടെ രാഷ്ട്രീയ കൗശലത്തെക്കൂടി ആശ്രയിച്ചാണ്, സംവരണ പരിധി ഉയർത്തി ബിഹാർ നിയമസഭ പാസാക്കിയ ബില്ലിന്റെ ഭാവി. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങൾമാത്രം ബാക്കിനിൽക്കേ, നിയമസഭ പാസാക്കിയ ബില്ലിന്മേൽ ഗവർണർ എടുക്കുന്ന തീരുമാനം നിർണായകം.
അദ്ദേഹത്തിന് ബിൽ വെച്ചു താമസിപ്പിക്കാം. ഭരണഘടനാപരമായ സാധുത സംബന്ധിച്ച് നിയമോപദേശം തേടാം. മന്ത്രിസഭയോട് വിശദീകരണം ആവശ്യപ്പെടാം. രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാം. ഈ നടപടികളത്രയും ബില്ലിനോടുള്ള ബി.ജെ.പിയുടെ സമീപനത്തെ ആശ്രയിച്ചിരിക്കുന്നു. അനുകൂലിച്ചാലും എതിർത്താലും രാഷ്ട്രീയ ലാഭം നിതീഷിന് തന്നെ. പച്ചക്കൊടി കാണിച്ചാൽ നേട്ടം കേന്ദ്രത്തിനല്ല, നടപ്പാക്കിയ ബിഹാർ സർക്കാറിനാണ്. എതിർത്താൽ ഒ.ബി.സി സംവരണത്തെ എതിർത്തതിന്റെ കോട്ടം കേന്ദ്രത്തിനാണ്, സംസ്ഥാന സർക്കാറിനാവില്ല. അധിക സംവരണത്തെ എതിർത്താൽ സവർണ വിഭാഗത്തിന്റെ പിന്തുണ ബി.ജെ.പിക്ക് കിട്ടുമെന്ന മറുവശവുമുണ്ട്. ഫലത്തിൽ രാഷ്ട്രീയ ലാഭചേതം നോക്കി ബി.ജെ.പി നിലപാട് സ്വീകരിക്കുകയോ തീരുമാനം വൈകിപ്പിക്കുകയോ ചെയ്യാം.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വെവ്വേറെ ഒ.ബി.സി പട്ടികയാണ്. സംസ്ഥാനത്തിന് സ്വന്തം നിലക്ക് ഒ.ബി.സി പട്ടികയുണ്ടാക്കാം. ക്വോട്ട നിശ്ചയിക്കാം. അതുവഴി വിദ്യാലയ പ്രവേശനത്തിലും ഉദ്യോഗത്തിലും മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യത്തിന് വഴിയൊരുക്കാം. തമിഴ്നാട് കഴിഞ്ഞാൽ, മറ്റു പിന്നാക്ക വിഭാഗ സംവരണ അനുപാതം വർധിപ്പിക്കുന്നതിന് സുപ്രധാന ചുവടുവെപ്പ് നടത്തുന്ന സംസ്ഥാനമാണ് ബിഹാർ.
പിന്നാക്ക വിഭാഗത്തിന് തമിഴ്നാട് അധിക സംവരണം ഏർപ്പെടുത്തിയതിനെ ആരും കോടതിയിൽ ചോദ്യം ചെയ്തില്ല. അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്ന് ഭിന്നമായി, ആകെ സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന സുപ്രീംകോടതിയുടെ മുൻകാല വിധി ചൂണ്ടിക്കാട്ടി ബിഹാർ പാസാക്കിയ ബില്ലിനെതിരെ രാഷ്ട്രീയ താൽപര്യങ്ങളോടെ തന്നെ ആരെങ്കിലും കോടതിയെ സമീപിച്ചെന്നും വരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.