'യഥാർഥ ചരിത്രം പഠിപ്പിക്കും'; ആർ.എസ്.എസ് സ്ഥാപകന്‍റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് കർണാടക മന്ത്രി

ബംഗളൂരു: കർണാടകയിൽ പാഠപുസ്തക പരിഷ്കരണത്തിലൂടെ വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന വാദത്തിനെതിരെ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. പാഠപുസ്തക പരിഷ്കരണത്തിലൂടെ സംസ്ഥാന സർക്കാർ വിദ്യാർഥികളെ യഥാർഥ ചരിത്രം പ‍ഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് നാഗേഷ് പറഞ്ഞു. ചില ബുദ്ധിജീവികളും രാഷ്ട്രീയക്കാരും പുതിയ പാഠപുസ്തകങ്ങൾ കാണാതെയാണ് ജാതി രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രഫ. ബരഗൂർ രാമചന്ദ്രപ്പയുടെ നേതൃത്വത്തിൽ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ നുണകളും തെറ്റായ വിവരങ്ങളും കൊണ്ട് നിറഞ്ഞതാണെന്നും ഞങ്ങൾ സത്യം പഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പു സുൽത്താനെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്തതിനെ നാഗേഷ് ന്യായീകരിച്ചു. ടിപ്പുവിനെക്കുറിച്ചുള്ള ഉള്ളടക്കം വെട്ടിക്കുറക്കുകയും ആവശ്യമുള്ളത് നിലനിർത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് വാഡിയാർ രാജവംശത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് പകരം ടിപ്പു സുൽത്താനെ കുറിച്ച് പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നാഗേഷ് സ്ഥിരീകരിച്ചു. എന്നാൽ പാഠത്തിൽ ആർ.എസ്.എസിനെക്കുറിച്ചോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ പരാമർശിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭഗത് സിങ്ങിനെയും നാരായണ ഗുരുവിനെയും സംബന്ധിച്ച ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജി രാമകൃഷ്ണ എഴുതിയ ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠത്തിന് പകരം ചക്രവർത്തി സുലിബെലെ എഴുതിയ പാഠം ഉൾപ്പെടുത്തിയതായി നാഗേഷ് പറഞ്ഞു. രാമകൃഷ്ണൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അടുത്ത് നിൽക്കുന്നതിനാലാണ് അധ്യായം മാറ്റിയത്. ചരിത്ര പാഠപുസ്തകത്തിന്‍റെ അധികവിവരങ്ങൾ കുറക്കാനാണ് നാരായണ ഗുരുവിനെക്കുറിച്ചുള്ള അദ്ധ്യായം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബരഗൂർ കമ്മിറ്റി ജവഹർലാൽ നെഹ്‌റു ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെയും നാഗേഷ് ചോദ്യം ചെയ്തു. അച്ഛൻ മകൾക്ക് എഴുതുന്ന കത്തുകൾ നമ്മുടെ കുട്ടികൾ എന്തിനാണ് പഠിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിവാദമുണ്ടാക്കുന്നവർ പാഠപുസ്തകത്തിന്റെ ഹാർഡ് കോപ്പിക്കായി കാത്തിരിക്കണമെന്നും എന്തെങ്കിലും തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ അത് തീർച്ചയായും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - We'll teach kids 'real' history, says Karnataka Education Minister Nagesh as saffronisation row grows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.