സചിൻ പൈലറ്റ് മുഖ്യമന്ത്രിയായാലും പിന്തുണക്കുമെന്ന് രാജസ്ഥാൻ മന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് മുഖ്യമന്ത്രിയായാലും എതിർക്കില്ലെന്ന് രാജസ്ഥാൻ മന്ത്രിയും ഗെഹ്ലോട്ട് പക്ഷത്തെ നേതാവുമായ രാജേന്ദ്ര ഗുധ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷനായാൽ സചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാവും എന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിർദേശിച്ചാലും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ബി.എസ്.പിയിൽ നിന്നും കോൺഗ്രസിലെത്തിയ ആറ് എം.എൽ.എമാരിൽ ഒരാളാണ് രാജേന്ദ്ര ഗുധ.

'പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനത്തൊപ്പം ഞങ്ങളുണ്ടാവും. സോണിയാജിയുടേയും രാഹുൽജിയുടേയും പ്രിയങ്കാജിയുടേയും തീരുമാനം എന്തായാലും ഞങ്ങൾ ആറുപേരും സ്വാഗതം ചെയ്യും. ഞങ്ങൾ പാർട്ടിയോടപ്പമാണ്'- രാജേന്ദ്ര ഗുധ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചത്. നേരത്തെ, പാർട്ടി അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും തനിക്കൊരുമിച്ച് കൊണ്ടുപോകാനാവുമെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. എന്നാൽ, കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നത് ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനമാണെന്നും അതിനോട് പാര്‍ട്ടി പ്രതിബദ്ധത കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഇതിനുപിന്നാലെയാണ് സചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാവും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിൽ ഗെഹ്ലോട്ട് പ‍ക്ഷത്തിന് എതിർപ്പുണ്ട്. നിയമസഭാ സ്പീക്കറായ സി.പി. ജോഷിയെ അധ്യക്ഷനാക്കണമെന്നാണ് ഗെഹ്ലോട്ട് പ‍ക്ഷത്തിന്‍റെ ആവശ്യം.

രാജസ്ഥാനിലെ പഞ്ചായത്തി രാജ്, ഗ്രാമ വികസന മന്ത്രിയാണ് രാജേന്ദ്ര ഗുധ. 2020 ജൂലൈയിൽ സചിൻ പൈലറ്റും മറ്റ് 18 കോൺഗ്രസ് എം.എൽ.എമാരും മുഖ്യമന്ത്രി ഗെഹ്ലോട്ടിനെതിരെ നിലയുറപ്പിച്ചപ്പോൾ ഗുധ ഗെഹ്ലോട്ടിന്‍റെ പക്ഷത്തായിരുന്നു. 

Tags:    
News Summary - We will not oppose if Sachin Pilot is made CM: Rajasthan minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.