ബംഗളൂരു: രാജ്യത്തെ ജനങ്ങളെ വിദ്വേഷ പ്രചാരണത്തിലൂടെ ഭിന്നിപ്പിച്ച് ഐക്യം തർക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ സമാധാനം ആഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികൾ എല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു. ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വർഗീയ ധ്രുവീകരണത്തിനും വിദ്വേഷ പ്രചാരണത്തിനുമെതിരെ എല്ലാ സംഘടനകളും ഒന്നിക്കണം. ഇതിനായി ജമാഅത്തെ ഇസ്ലാമി ഹിന്ദും സാധ്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജനാധിപത്യ-ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാനായുള്ള പ്രവർത്തനങ്ങൾക്കായി എല്ലാവരും മുന്നോട്ടുവരണം. ഇപ്പോൾ രാജ്യത്തെ ജനാധിപത്യ ഭരണഘടന മൂല്യങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയവും തെരഞ്ഞെടുപ്പുമെല്ലാം ജനങ്ങളെ വിഭജിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റി. ഇത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാകുന്ന അവസ്ഥയാണുള്ളത്.
തെരഞ്ഞെടുപ്പിലൂടെ വർഗീയ വിദ്വേഷം പടർത്തുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഇക്കാര്യം വ്യക്തമായതാണ്. വിദ്വേഷ പ്രസംഗവും ആൾക്കൂട്ട ആക്രമണവുമെല്ലാം പതിവായി. ഇതിനെതിരെ ഭരണകൂടം മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് സ്വാഗതാർഹമാണ്. അതുപോലെ പൗരത ഭേദഗതി നിയമം ഉൾപ്പെടെ പിൻവലിക്കണം. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ തീർത്തും പരാജയപ്പെട്ടുവെന്നും രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.