കരൂർ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ‍ 15 ദിവസം സാവകാശം ചോദിച്ച് വിജയ്

ചെന്നൈ: കരൂർ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സാവകാശം വേണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ട് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. ചോദ്യം ചെയ്യൽ ന്യൂഡൽഹിക്ക് പകരം ചെന്നൈയിൽവെച്ച് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച മൂന്നാം വട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ നിർദേശിച്ചതിനു പിന്നാലെയാണ് വിജയ് സാവകാശം തേടിയത്.

തിരഞ്ഞെടുപ്പ് സംബന്ധമായ തിരക്കുകൾ കാരണമാണ് നിശ്ചിത തീയതിയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനുള്ള അസൗകര്യമെന്ന് വിജയ് സി.ബി.ഐയെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുള്ള സ്ഥാനാർഥികളെ അഭിമുഖം ചെയ്യുന്ന നടപടികൾ ടി.വി.കെ ചൊവ്വാഴ്ച ആരംഭിക്കുകയാണ്. ഈ സാഹചര്യം മുൻനിർത്തിയാണ് അദ്ദേഹം സമയം നീട്ടി ചോദിച്ചതെന്ന് ടി.വി.കെ വൃത്തങ്ങൾ പ്രതികരിച്ചു.

ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ പാർട്ടികൾ വിജയിയെ എൻ.ഡി.എ സഖ്യത്തിലേക്ക് ചേരാൻ കടുത്ത സമ്മർദം ചെലുത്തുന്നതിനിടെയാണ് ഈ സമൻസ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബി.ജെ.പി വിജയ്‌യുമായി ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, ഇത്തരം നീക്കങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. സഖ്യ ചർച്ചകൾ നടക്കുന്നു എന്ന വാർത്തകളെ ടി.വി.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി നേതാക്കൾ നിഷേധിച്ചെങ്കിലും, ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാണ്.

Tags:    
News Summary - Karur case: Vijay seeks 15 days' time to appear for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.