ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് 

എസ്.സി, എസ്.ടി സംവരണത്തിൽ ഉപസംവരണം; പന്ത് സർക്കാറിന്റെ കോർട്ടിലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്

ന്യൂഡൽഹി: ജാതി സംവരണത്തിലെ ക്രീമി ലെയർ പ്രശ്നം പരിഹരിക്കുന്നതിന് സുപ്രീം കോടതി പരമാവധി ചെയ്തെന്നും അടുത്ത നടപടി സ്വീകരിക്കേണ്ടത് സർക്കാറും പാർലമെന്റുമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. സ്വതന്ത്ര ജഡ്ജിയാണെന്ന് തെളിയിക്കാൻ സർക്കാറിനെതിരെ തീരുമാനമെടുക്കണമെന്ന ചിന്താരീതി ​ശരിയല്ല. ഒരു കേസിലും തനിക്ക് സർക്കാരിൽ നിന്ന് സമ്മർദം ഉണ്ടായിട്ടില്ല. വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ലെന്ന് താൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ചീഫ് ജസ്റ്റിസായി വിരമിക്കാനിരിക്കെയാണ് ബി.ആർ ​ഗവായുടെ പ്രതികരണം.

ക്രീമി ലെയർ എന്ന ചോദ്യം

പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​തി​പി​ന്നാ​ക്ക​ക്കാ​ർ​ക്ക് ജോ​ലി​യി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും ഉ​പ​സം​വ​ര​ണം ന​ൽ​കാ​മെ​ന്ന് കഴിഞ്ഞ വർഷം, ജസ്റ്റിസ് ഗവായ് ഉൾപ്പെടുന്ന സുപ്രീം കോടതി ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു.

ഞായറാഴ്ച വിഷയത്തെ കുറിച്ച് സംസാരിച്ച ചീഫ് ജസ്റ്റിസ്, ജുഡീഷ്യറി അതിന്റെ പങ്ക് നിർവഹിച്ചു​വെന്നും ഇനി ഒരു വർഗ്ഗത്തിനുള്ളിൽ മറ്റൊരു വർഗ്ഗം സൃഷ്ടിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ക്വോട്ട അടിസ്ഥാനമാക്കിയുള്ള സംവരണങ്ങളിൽ ഉപവർഗ്ഗീകരണം നടപ്പിലാക്കേണ്ടത് സർക്കാരും പാർലമെന്റുമാണെന്നും പറഞ്ഞു. രാജ്യത്തെ പരമോന്നത ജുഡീഷ്യൽ തസ്തികയിലേക്ക് ഉയർന്നുവരുന്ന രണ്ടാമത്തെ ദളിത് വ്യക്തിയാണ് ചീഫ് ജസ്റ്റിസ് ഗവായ്.

‘സമത്വം ജനങ്ങളിലേക്ക് കടന്നുവരണം. നിരവധി പട്ടികജാതി കുടുംബങ്ങൾ വളർന്നതായി നമ്മൾ കണ്ടിട്ടുണ്ട്, പക്ഷേ അവർ സംവരണത്തിന്റെ പ്രയോജനം നേടുന്നത് തുടരുന്നു,’ ചീഫ് ജസ്റ്റിസ് പറഞ്ഞു. എസ്‌.സി/എസ്.ടി സമുദായങ്ങളിലെ ചില ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മക്കൾ ക്വോട്ട അടിസ്ഥാനമാക്കി ആനുകൂല്യങ്ങൾ നേടുന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘എസ്‌.സി/എസ്‌.ടി വിഭാഗത്തിലെ ക്രീമി ലെയറിനെ തിരിച്ചറിയുന്നതിനും അവരെ പ്രത്യേകമായി പരിഗണിക്കുന്നതിനും ഒരു നയം  ആവിഷ്കരിക്കണം. യഥാർത്ഥ സമത്വം നേടാനുള്ള ഒരേയൊരു മാർഗ്ഗമാണിത്’ -ജസ്റ്റിസ് ഗവായ് കഴിഞ്ഞ വർഷം തന്റെ വിധിന്യായത്തിൽ എഴുതിയിരുന്നു.

ജുഡീഷ്യൽ നിയമനങ്ങളിൽ സ്വജനപക്ഷപാതം

കൊളീജിയം സംവിധാനത്തിലൂടെയുള്ള ജുഡീഷ്യൽ നിയമനങ്ങളിൽ സ്വജനപക്ഷപാതവും പക്ഷപാതവും ഉണ്ടെന്ന ആരോപണങ്ങൾ സംബന്ധിച്ചും ചീഫ് ജസ്റ്റിസ് നയം വ്യക്തമാക്കി. കൊളിജീയത്തിനെതിരെ പല ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സുതാര്യമായ സംവിധാനമാണിത്. ഹൈക്കോടതി കൊളിജീയത്തിന്റെ അടക്കം റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. മികച്ച സംവിധാനമാണിത്. തന്റെ കാലത്ത് സർക്കാർ തിരിച്ചയച്ച പേരുകൾ വീണ്ടും സർക്കാരിന് നൽകി അംഗീകരിപ്പിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജുഡീഷ്യറിയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചോദ്യത്തോടും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഒരു ജഡ്ജിയുടെ ബന്ധുവിന്റെ പേര് കൊളീജിയത്തിന് മുന്നിൽ വരുന്ന സന്ദർഭങ്ങൾ മൊത്തം നിയമനങ്ങളുടെ 10 ശതമാനം പോലും വരില്ലെന്ന് ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. ഒരു ഉദ്യോഗാർഥി ജഡ്ജിയുമായി ബന്ധമുള്ളയാളാണ് എന്നതുകൊണ്ട് അയാളുടെ യോഗ്യത അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി വസതിയിൽ എത്തിയാൽ എന്ന ചോദ്യത്തിന് ‘നോ കമന്റ്സ്’ എന്നായിരുന്നു ബി.ആർ ഗവായിയുടെ പ്രതികരണം. ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിൽ എത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.

രാഷ്ട്രപതിയുടെ റഫറൻസ്

രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിലപാട് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സമയപരിധി നൽകാൻ സുപ്രീം കോടതിക്ക് കഴിയില്ലെന്നും പറഞ്ഞു. ഓരോ തർക്കവും വ്യത്യസ്തമാണ്. ചില സമയങ്ങളിൽ രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് ഗവർണർക്ക് തീരുമാനം എടുക്കാൻ കഴിയില്ല. ചില ബില്ലുകളിൽ ഒരു മാസം മതിയാകും. മറ്റ് ബില്ലുകളിൽ മൂന്ന് മാസത്തിന് മുകളിൽ വേണ്ടി വരും. എല്ലാ കേസുകളും ഒരേ രീതിയിൽ കണക്കിലെടുക്കാൻ കഴിയില്ലെന്നും ഗവായ് പറഞ്ഞു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം

സ്വതന്ത്ര ജഡ്ജിയാണെന്ന് തെളിയിക്കാൻ സർക്കാറിനെതിരെ തീരുമാനമെടുക്കണമെന്ന ചിന്താരീതി ​ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈകോടതികളിലെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്റെ തീരുമാനങ്ങൾക്കെതിരായ വിമർശനങ്ങളെയും ചീഫ് ജസ്റ്റിസ് പരാമർശിച്ചു. ഭരണപരമായ പ്രശ്നങ്ങൾ മനസ്സിൽ വെച്ചുകൊണ്ടാണ് സ്ഥലംമാറ്റങ്ങൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇനി വിശ്രമം

വിരമിച്ചതിന് ശേഷം അൽപനാൾ വിശ്രമിക്കാനാണ് പദ്ധതിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ആഗ്രഹവും അദ്ദേഹം മറച്ചുവെച്ചില്ല. ‘സാമൂഹിക പ്രവർത്തനം എന്റെ രക്തത്തിൽ അലിഞ്ഞുകിടക്കുന്നു, ഞാൻ എന്റെ സമയം ആദിവാസികൾക്കായി നീക്കിവെക്കും,’ അദ്ദേഹം പറഞ്ഞു. അതേസമയം, വിരമിക്കലിന് ശേഷം ഒരു പദവിയും സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

ആ ക്ഷമ ഹൃദയത്തിൽ നിന്ന് വന്നതാണ്

ഒരു വാദം കേൾക്കുന്നതിനിടെ ഒരു അഭിഭാഷകൻ തന്റെ നേരെ ഷൂ എറിഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനും ചീഫ് ജസ്റ്റിസ് മറുപടി നൽകി. അഭിഭാഷകനെതിരെ കോടതി നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ആ ക്ഷമ തനിക്ക് സ്വാഭാവികമായി തോന്നിയതാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കേണ്ടതില്ല എന്ന തീരുമാനം തൽക്ഷണം ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

​ഡൽഹി മലിനീകരണം

സുപ്രീം കോടതിയുടെ മുമ്പിലുള്ള ഡൽഹി മലിനീകരണ പ്രശ്നത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രശ്നം പരിഹരിക്കാൻ ജുഡീഷ്യറി പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇപ്പോൾ അധികൃതരുടെ ശ്രദ്ധ, ഹ്രസ്വകാല പരിഹാരങ്ങൾക്ക് പകരം ദീർഘകാല പരിഹാരങ്ങളിലേക്കാണ് മാറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - We Did Our Part: Chief Justice Puts Creamy Layer Ball In Centres Cour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.