ഗ്യാനേഷ് കുമാറിനെ എസ്.ഐ.ആറിൽ ഉൾപ്പെടുത്തിയത് ചട്ടങ്ങൾ മറികടന്നോ?
ന്യൂഡൽഹി: കേരളത്തിലെയും ഡൽഹിയിലെയും ഉത്തർപ്രദേശിലെയും അവസാന എസ്.ഐ.ആറുകളിൽ പേരില്ലാതെ ഡൽഹി എസ്.ഐ.ആറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ പേര് ചട്ടങ്ങൾ മറികടന്ന് ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത്, വിവരാവകാശ പ്രവർത്തകനും മുൻ രാജ്യസഭാംഗവുമായ സാകേത് ഗോഖലെ. ഉത്തർപ്രദേശിൽ ജനിച്ച് കേരള കേഡറിൽ ഐ.എ.എസ് ഓഫിസറായി ഡൽഹിയിൽ നിയമനം ലഭിച്ചയാളാണ് ഗ്യാനേഷ് കുമാർ എന്ന് സാകേത് ഗോഖലെ വ്യക്തമാക്കി.
കരട് എസ്.ഐ.ആർ പട്ടികയിൽ ‘ഗ്യാനേഷ് കുമാർ, സൺ ഓഫ് സുബോധ് കുമാർ’ എന്ന പേരിലുള്ള കേരള കേഡർ ഐ.എ.എസ് ഓഫിസറായ ഗ്യാനേഷ് കുമാറിന്റെ പേര് ഡൽഹി, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിലെ 2002-2003 കാലയളവിലെ മുൻ എസ്.ഐ.ആറിൽ ഇല്ലെന്ന് സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള വോട്ടർമാരെ ‘കണ്ടെത്താൻ കഴിയാത്തവർ’ എന്ന ഗണത്തിൽപ്പെടുത്തി പൗരത്വം തെളിയിക്കാൻ കമീഷൻ നിർദേശിക്കുന്ന 12 രേഖകളിലൊന്ന് ഹാജരാക്കാൻ നോട്ടീസ് അയക്കണം. മുൻ എസ്.ഐ.ആറിൽ പേരില്ലാത്തവരെ അപാകതയുള്ളവരായും കണക്കാക്കേണ്ടതാണ്.
അതിനാൽ മൂന്ന് ചോദ്യങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരം നൽകണമെന്ന് സാകേത് ഗോഖലെ ആവശ്യപ്പെട്ടു. ഒന്ന്- ഗ്യാനേഷ് കുമാർ 2002/03 കാലയളവിൽ വോട്ടറായി രജിസ്റ്റർ ചെയ്തിരുന്നോ? രണ്ട്- ഡൽഹിയിലും കേരളത്തിലും ഉത്തർപ്രദേശിലും അക്കാലയളവിൽ വോട്ടർ അല്ലെങ്കിൽ നിലവിലുള്ള പട്ടികയിൽ അദ്ദേഹത്തിന്റെ പേര് എങ്ങനെ വന്നു? മൂന്ന്- മുൻ എസ്.ഐ.ആറുകളിൽ പേരില്ലാത്തതിനാൽ ഗ്യാനേഷ് കുമാർ പൗരത്വം തെളിയിക്കാനുള്ള 12 രേഖകളിലൊന്ന് ഹാജരാക്കാൻ കമീഷൻ നോട്ടീസ് അയച്ചിട്ടുണ്ടോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.