സുപ്രീം കോടതി

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ അടിയന്തര നടപടി വേണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തലസ്ഥാനത്തും പരിസര മേഖലകളിലും അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിലേക്ക് ഉയരുന്നതിന്റെ പ്രധാന കാരണം വാഹനങ്ങളാണെന്ന് സുപ്രീംകോടതി. വായു നിലവാര സൂചിക ഇപ്പോൾ തന്നെ 400 ൽ എത്തിയിരിക്കുകയാണെന്നും ചർച്ചകളും പ്രസ്താവനകളും നിർദേശങ്ങളുമല്ലാതെ കാര്യമായ പരിഹാരങ്ങൾ ഉണ്ടാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

ഡൽഹിക്കും എൻ.സി.ആർ മേഖലക്കും ഇടയിലോടുന്ന വാഹനങ്ങളുടെ എണ്ണം പെരുകിയതാണ് മലിനീകരണ തോത് ഇത്ര രൂക്ഷമാകാൻ കാരണം. സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമർശം. ഉത്തരവുകൾ ഇറക്കുന്തോറും ലംഘനങ്ങൾ കൂടുകയാണെന്നും നിയന്ത്രണങ്ങളൊന്നും ഫലിക്കാതെ വരികയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പഴയ ആചാരങ്ങളിലേക്ക് മടങ്ങിപ്പോകാൻ എന്താണ് കഴിയാത്തത്. ദീപാവലി പ്രകാശത്തിന്‍റെ ഉത്സവമാണ്, പുകയുടെ ആഘോഷമല്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ആഘോഷങ്ങളാകാം, അതോടൊപ്പം പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം പുലർത്തുകയും വേണം.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വായു ഗുണ നിലവാര സൂചിക ഡൽഹി നഗരത്തിൽ 389 മുതൽ 391 വരെയാണ്. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് എന്നീ നഗരങ്ങളെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന റോഡുകളിലെ വാഹനത്തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച കോടതി അടിയന്തര നടപടികൾ എടുക്കണമെന്ന് നിർദേശിച്ചു.

Tags:    
News Summary - Supreme Court Highlights Vehicular Pollution as Main Cause in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.