റേസ്കോഴ്സ് മസ്ജിദിന് വെള്ളവും വൈദ്യുതിയും നിർത്തിയതിനെതിരെ ഡൽഹി ഹൈകോടതി
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം സ്ഥിതിചെയ്യുന്ന റേസ്കോഴ്സ് മസ്ജിദിലേക്കുള്ള കുടിവെള്ള, വൈദ്യുതി ബന്ധങ്ങൾ നോട്ടീസ് നൽകാതെ വിച്ഛേദിച്ച ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ നടപടിക്കെതിരെ ഡൽഹി ഹൈകോടതി. നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഒരു വഖഫ് സ്വത്തിലും പൈതൃക നിർമിതിയിലും ഇത്തരം ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ്, ജസ്റ്റിസ് രേണു ഭട്നഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മസ്ജിദ് ഇമാം നൽകിയ ഹരജിയിൽ കോർപറേഷനും ഡൽഹി വഖഫ് ബോർഡിനും രണ്ടാഴ്ചക്കകം മറുപടി നൽകാൻ നോട്ടീസയച്ച ബെഞ്ച് കേസ് തുടർവാദത്തിനായി ഡിസംബർ 14ലേക്ക് മാറ്റി. പ്രധാനമന്ത്രിയുടെ വസതിക്ക് എതിർവശത്തുള്ള ചേരി പ്രദേശങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് അധികൃതർ മസ്ജിദിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചത്.
എന്നാൽ, ഈ കേസുമായി മസ്ജിദിന് യാതൊരു ബന്ധവുമില്ലെന്നും കേസിൽ കക്ഷിയായിരുന്നില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് കുടിവെള്ള-വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന, ലോക് കല്യാൺ മാർഗിന് സമീപമുള്ള റെയ്സ് കോഴ്സ് ക്ലബിന്റെ 53 ഏക്കർ വളപ്പിലാണ് ചരിത്രപ്രസിദ്ധമായ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. 2009ൽ പൈതൃക നിർമിതിയായും വഖഫ് സ്വത്തായും പ്രഖ്യാപിക്കപ്പെട്ട ഈ മസ്ജിദ്, കേന്ദ്ര സർക്കാർ സമീപപ്രദേശങ്ങളിലെ ഭൂമി തിരിച്ചുപിടിക്കുന്ന നടപടികളുടെ ഭാഗമായി പൊളിച്ചുനീക്കപ്പെടുമോ എന്ന ആശങ്കയിൽ ഇമാം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് വെള്ളവും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.