രാഹുൽ ഗാന്ധി
ക്ഷേമ പദ്ധതികൾക്ക് വോട്ടർ ഐ.ഡി നിർബന്ധമാക്കി; വോട്ടിന് പിന്നാലെ അവകാശം കൂടി കവരുന്നു :രാഹുൽ ഗാന്ധി
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കി വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റി വോട്ടു കവർന്ന കേന്ദ്ര സർക്കാർ അവകാശം കൂടി കവരാനുള്ള യത്നത്തിലാണെന്നും ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് വോട്ടർ ഐ.ഡി നിർബന്ധമാക്കുന്നത് ഇതിനാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ നിർണയിക്കാൻ ആധാർ കാർഡിന് പകരം വോട്ടർ ഐ.ഡി കാർഡാണ് ഉപയോഗിക്കുകയെന്ന കേന്ദ്ര പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങിന്റെ പ്രസ്താവനയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു.
വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. കോടിക്കണക്കിന് ആൾക്കാർക്ക് ആനുകൂല്യങ്ങൾ കിട്ടാതെ പോകുന്ന സാഹചര്യമാണ് സംജാതമാകുക. എസ്.ഐ.ആർ വേളയിൽ വോട്ടർമാരെ വെട്ടിമാറ്റാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ബി.ജെ.പി സർക്കാറിനെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നവരെ ഉന്നമിട്ട് നടത്തിയതാണ് വെട്ടിമാറ്റലെന്ന് അദ്ദേഹം ‘എക്സ്’ പോസ്റ്റിൽ ആരോപിച്ചു.
വോട്ടർ പട്ടികയും വിവരങ്ങളും ഇപ്പോൾ നിഷ്പക്ഷ കരങ്ങളിലല്ല. തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുമായി ചേർന്ന് ഒത്തുകളിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ മോദി സർക്കാറിന്റെ ജോലിക്കാരൻ മാത്രമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന വോട്ടുകൊള്ള തെളിവ് സഹിതം പുറത്തു വന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എക്കാലത്തും ഭൂരിപക്ഷം ബി.ജെ.പിക്ക് ലഭിക്കുന്ന വിധത്തിൽ വോട്ടർ പട്ടിക തയാറാക്കിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പദ്ധതി ആനുകൂല്യങ്ങൾ ആർക്കൊക്കെ കിട്ടുമെന്ന് അങ്ങനെ നിശ്ചയിക്കും. ബി.ജെ.പിക്കെതിരെ ശബ്ദമുയർത്തിയവരെ കണ്ടുപിടിച്ച് പട്ടികയിൽ നിന്ന് ഒഴിവാക്കും. പേരില്ലെങ്കിൽ വോട്ടില്ല, വോട്ടില്ലെങ്കിൽ അവകാശവുമില്ലെന്ന സ്ഥിതിയാണെന്ന് രാഹുൽ ആരോപിച്ചു. റാഞ്ചിയെടുത്ത ജനാധിപത്യത്തിലെ അവകാശമില്ലാത്ത പൗരന്മാരായി നിങ്ങൾ മാറുകയാണ്. ജനങ്ങൾ സർക്കാറിനെയല്ല, സർക്കാർ വേണ്ടപ്പെട്ട ജനങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് വോട്ടർ ഐ.ഡി നിർബന്ധമാക്കുന്നത് റേഷൻ മുതൽ പെൻഷൻ വരെയും തൊഴിലുറപ്പ് വേതനം മുതൽ സ്കോളർഷിപ്പും സംവരണവും വരെയുമുള്ള ആനുകൂല്യങ്ങളെയാണ് ബാധിക്കുക. തെരഞ്ഞെടുപ്പുകൾ കൊള്ളയടിച്ച് അധികാരത്തിൽ സ്ഥിരമായി തുടരാനുള്ള തന്ത്രമാണ് ഒരുക്കുന്നത്. അതിന് അനുവദിക്കില്ലെന്ന് രാഹുൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.