നീറ്റ് വേണ്ടെന്ന് തമിഴ്നാട്; നിലേകനി സമിതിയോട് നിലപാടറിയിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ: നീറ്റ് പരീക്ഷയോടുള്ള എതിർപ്പിൽ തമിഴ്നാട് സർക്കാർ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പരീക്ഷാ പരിഷ്കാരങ്ങൾക്കായി കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ അധ്യക്ഷൻ നന്ദൻ നിലേകനിയുമായി സെക്രട്ടേറിയറ്റിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് അവതരിപ്പിച്ചത്.
മെഡിക്കൽ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ ഒഴിവാക്കണമെന്നും സർക്കാർ സമിതിയെ അറിയിച്ചു. ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, എക്സ്റ്റെപ് ഫൗണ്ടേഷൻ സിഇഒ ശങ്കർ മാരുവാഡ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
2026 ആഗസ്റ്റ് 11ന് നീറ്റിനെതിരെ തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയവും സർക്കാർ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. നീറ്റും സമാനമായ പരീക്ഷകളും പൂർണമായും ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകളും ക്രമക്കേടുകളും സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരം ലക്ഷ്യമിടുന്നത്. ഇതിനായി 2026 ജൂലൈയിൽ നിലേകനിയുടെ അധ്യക്ഷതയിൽ ആറംഗ സമിതിയെ നിയോഗിച്ചിരുന്നു. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷകൾ ഉൾപ്പെടെ പൊതു പരീക്ഷകളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുകയാണ് സമിതിയുടെ ചുമതല.
സമിതിയുടെ കാലാവധി 2027 ജനുവരി വരെ നീട്ടിയിട്ടുണ്ട്. കൂടിയാലോചനകൾ പൂർത്തിയാക്കി ശുപാർശകൾ അന്തിമമാക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിനാണ് ഈ തീരുമാനം. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിഷയ വിദഗ്ധർ, പരീക്ഷാ നടത്തിപ്പ് സ്ഥാപനങ്ങൾ എന്നിവരിൽ നിന്നായി 50,000ത്തിലധികം നിർദേശങ്ങൾ സമിതിക്ക് ലഭിച്ചിട്ടുണ്ട്. 2026 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
നീറ്റ്-യുജി നിലവിലെ പേപ്പർ രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറ്റുന്നതാണ് സമിതിയുടെ പരിഗണനയിലുള്ള പ്രധാന വിഷയങ്ങളിലൊന്ന്. 2027 മുതൽ ഓൺലൈൻ രീതി നടപ്പാക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നെങ്കിലും പൂർണമായ മാറ്റത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സംസ്ഥാനങ്ങൾ ഉന്നയിച്ച ആശങ്കകളുമാണ് ഇതിന് കാരണം. 2027ലെ പരീക്ഷയുടെ രീതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ചോദ്യപേപ്പർ സുരക്ഷ ശക്തിപ്പെടുത്തുക, സുരക്ഷിത ഡിജിറ്റൽ ചോദ്യബാങ്ക് രൂപീകരിക്കുക, പരീക്ഷാ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും പരിഗണനയിലുണ്ട്. ഘട്ടം ഘട്ടമായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറണമെന്നും രാജ്യത്താകെ കുറഞ്ഞത് 1,000 സർക്കാർ ഉടമസ്ഥതയിലുള്ള പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും വിദ്യാഭ്യാസം സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, എൻടിഎയുടെ സ്ഥാപന ഘടന ശക്തിപ്പെടുത്തൽ, വിവിധ പ്രദേശങ്ങളിലെയും സാമൂഹിക പശ്ചാത്തലങ്ങളിലെയും വിദ്യാർഥികൾക്ക് തുല്യ അവസരം ഉറപ്പാക്കൽ, വിദ്യാർഥികളുടെ ക്ഷേമം സംരക്ഷിക്കൽ എന്നിവയും സമിതി പരിശോധിക്കുന്നുണ്ട്. സുരക്ഷിതവും സുതാര്യവും നീതിപൂർവകവുമായ പൊതു പരീക്ഷാ സംവിധാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സമിതി 2027 ജനുവരിയോടെ ശുപാർശകൾ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.