ന്യൂഡൽഹി: വഖഫ് ഇസ്ലാം മതത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ഉപയോഗത്തിലൂടെയുള്ള വഖഫ് ഒരിക്കൽ ഭരണകൂടം കൊടുത്ത അവകാശമാണ്. നിയമം വഴി അംഗീകരിച്ച അവകാശം മറ്റൊരു നിയമത്തിലൂടെ സർക്കാറിന് തിരിച്ചെടുക്കാമെന്നും മൗലികാവകാശം ലഭിക്കില്ലെന്നും സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യത്തിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുന്നതിനിടെയാണ് സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്.
ഹിന്ദു എൻഡോവ്മെന്റ് സ്വത്ത് മതപരമായ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. എന്നാൽ, ഇസ്ലാം മതത്തിലെ വഖഫ് മതകാര്യങ്ങൾക്കും സ്കൂൾപോലെ അല്ലാത്തവക്കും ഉപയോഗിക്കാം. അതിനാലാണ് വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്തുന്നതെന്നും ഇതുസംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് സോളിസിറ്റർ ജനറൽ മറുപടി നൽകി. വഖഫ് ഭേദഗതി നിയമം അനുസരിച്ച് കേന്ദ്ര വഖഫ് കൗൺസിലിൽ 22 അംഗങ്ങളാണുള്ളത്. ഇതിൽ പരമാവധി നാല് പേരാണ് അമുസ്ലിംകൾ. സംസ്ഥാന വഖഫ് ബോർഡുകളിലെ 11 അംഗങ്ങളിൽ മൂന്നുപേർവരെ അമുസ്ലിംകളാകാം. അതിനാൽ, അമുസ്ലിം അംഗങ്ങൾ ന്യൂനപക്ഷമാണ്. വഖഫ് ബോർഡുകളിൽ ഇതരമതസ്ഥർ അംഗമാകുന്നത് അതിന്റെ സ്വഭാവത്തെ മാറ്റുന്നില്ല. അവർ ബോർഡിന്റെ ഭാഗമാകുന്നത് മതേതര സംവിധാനം നിലനിർത്തുമെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.
സംരക്ഷിത സ്മാരകങ്ങൾ രാജ്യത്തിന്റെ അഭിമാനമാണ്. പല പുരാതന സ്മാരകങ്ങളും പിന്നീട് വഖഫുകളായി പ്രഖ്യാപിക്കപ്പെട്ടതാണ്. വഖഫ് അംഗങ്ങൾ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നത് പുരാതന സ്മാരകങ്ങളുടെ സംരക്ഷണത്തെ ബാധിക്കുന്നു. സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ വഖഫ് അതിന്റെ അടിസ്ഥാനസ്വഭാവത്തിന് വിരുദ്ധമായ ഒരു പ്രവർത്തനങ്ങൾക്കും ഉപയോഗിക്കരുതെന്ന് മാത്രമേ ഭേദഗതിയിലെ സെക്ഷൻ മൂന്ന് ഡി പറയുന്നുള്ളൂ. മതപരമായ ആവശ്യത്തിനായി ഉപയോഗിക്കുകയാണെങ്കിൽ അത് തുടരും. സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ മതപരമായ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന വാദം തെറ്റാണെന്നും കേന്ദ്രം വാദിച്ചു.
ഭേദഗതി നിയമത്തിലെ സെക്ഷൻ മൂന്ന് (ഇ) ആദിവാസി ഭൂമി സംരക്ഷിക്കാൻ ലക്ഷമിട്ടിട്ടുള്ളതാണ്. പട്ടികവർഗ-ആദിവാസി ഭൂമിയുടെ സംരക്ഷണം ഭരണഘടനയുടെ പ്രധാന ഉത്തരവാദിത്തമാണ്. സർക്കാർ ഭൂമിയാണോ എന്ന തർക്കത്തിൽ റവന്യൂ ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നും എന്നാൽ ഉടമസ്ഥാവകാശം തീരുമാനിക്കാൻ കോടതിക്കേ കഴിയൂ എന്നും തുഷാർ മേത്ത വ്യക്തമാക്കി. ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വാദം വ്യാഴാഴ്ചയും തുടരും. ചൊവ്വാഴ്ച വാദിച്ച എതിർകക്ഷികൾക്കും വ്യാഴാഴ്ച വാദത്തിന് അവസരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.