ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിന് 10 ദിവസം മാത്രം ബാക്കിനിൽക്കെ, ഇരുപക്ഷവും ഒരുപോലെ പ്രചാരണ വിഷയമാക്കുന്ന വിഷയം മോദി സർക്കാറിന്റെ വഖഫ് ഭേദഗതി നിയമമാണ്. ഇൻഡ്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് അധികാരത്തിലെത്തിയാൽ വഖഫ് നിയമം ചവറ്റുകൊട്ടയിൽ തള്ളുമെന്നായിരുന്നു. ഈ പ്രസ്താവനയെ ചൂടുപിടിപ്പിച്ച് വിവാദത്തിലാക്കാനാണിപ്പോൾ ബി.ജെ.പി ശ്രമിക്കുന്നത്. പാർലമെന്റ് പാസാക്കിയൊരു നിയമത്തെ എങ്ങനെ ഒരു സംസ്ഥാനത്തിന് മറികടക്കാനാകുമെന്നാണ് ബി.ജെ.പിയുടെ ചോദ്യം.
ഞായറാഴ്ച സീമാഞ്ചലിലെ കത്തിയാറിൽ ഇൻഡ്യ റാലിയിൽ സംസാരിക്കവെയായിരുന്നു തേജസ്വിയുടെ പ്രസ്താവന. ‘‘ഞങ്ങൾ അധികാരത്തിലെത്തിയാൽ ബി.ജെ.പിക്കോ ആർ.എസ്.എസിനോ ഇവിടെ കലാപത്തിന് കോപ്പുകൂട്ടാനുള്ള ധൈര്യമുണ്ടാകില്ല. ബി.ജെ.പി ഏറ്റവും ഭയപ്പെടുന്നത് ലാലു പ്രസാദ് യാദവിനെയാണ്. വഖഫ് ബിൽ അവർ കൊണ്ടുവന്നത് മുസ്‍ലിംകൾക്കെതിരായാണ്. അധികാരത്തിൽ വന്നാൽ ഞങ്ങളത് ചവറ്റുകൂനയിൽ കളയും’’ -ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ബി.ജെ.പി പറയുംപോലെ, അധികാരത്തിലെത്തിയാലും തേജസ്വിക്ക് വഖഫ് ബിൽ എടുത്തുകളയാനാവില്ല. അതേസമയം, ഇത് കൃത്യമായും ഒരു രാഷ്ട്രീയ സന്ദേശമാണ്. ഒരുപക്ഷേ, അദ്ദേഹത്തിന് നിയമസഭയിൽ ബില്ലിനെതിരെ പ്രമേയം പാസാക്കാം. അതിനപ്പുറം, വഖഫ് വിഷയത്തിൽ മുസ്‍ലിം സമുദായത്തിനുള്ള തന്റെയും മുന്നണിയുടെയും പിന്തുണ പ്രഖ്യാപനമായും ആ പ്രസംഗത്തെ വ്യാഖ്യാനിക്കാം. മറുവശത്ത്, വഖഫ് ബില്ലിനെ പാർലമെന്റിൽ പിന്തുണച്ച ജെ.ഡി.യു, തേജസ്വിയുടെ പ്രസ്താവനക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വഖഫ് വിഷയത്തിൽ നിലവിൽതന്നെ നിതീഷ് കുമാർ വലിയ വിമർശനം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ, തേജസ്വിക്ക് മറുപടി നൽകി വിഷയം കൂടുതൽ സങ്കീർണമാക്കേണ്ടെന്ന നിലപാടിലാണ് നിതീഷ് കുമാറും ജെ.ഡി.യുവും.
തേജസ്വിയുടെ വഖഫ് പ്രസംഗത്തിന് പിന്നിൽ വേറെയും കാരണങ്ങളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സ്ഥാനാർഥി നിർണയത്തിൽ ആർ.ജെ.ഡി മുസ്‍ലിം സമുദായത്തെ കാര്യമായി പരിഗണിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായും മുസ്‍ലിം പ്രതിനിധിയുടെ പേരു വന്നില്ല. ഇത് സമുദായത്തിനിടയിൽ ചില അസ്വാരസ്യങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇതിനെ സുപ്രധാനമായൊരു മുസ്‍ലിം വിഷയം ഉയർത്തിക്കാട്ടി മറികടക്കുക എന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്. മുസ്‍ലിംകൾ നിർണായക ശക്തിയായ സീമാഞ്ചൽതന്നെ ഇത്തരമൊരു പ്രസ്താവനക്ക് അദ്ദേഹം തെരഞ്ഞെടുത്തതും ഇതിന്റെ ഭാഗമായാകാം. മുൻ തെരഞ്ഞെടുപ്പുകളിൽ വലിയ നഷ്ടം ഇവിടെ പാർട്ടിക്കുണ്ടായിട്ടുണ്ട്. അന്ന് നേട്ടം കൊയ്തതാകട്ടെ, ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദ് മുസ്‍ലിമീൻ പാർട്ടിയും.
അതേസമയം, ബി.ജെ.പി തേജസ്വിയെ വഖഫിന്റെ പേരിൽ നേരിടാനിറങ്ങിയിരിക്കുകയാണ്. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ തേജസ്വിയെ വിശേഷിപ്പിച്ചത് ‘നമാസ്‍വാദി’ എന്നാണ്. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത് തേജസ്വി സംസ്ഥാനത്ത് അരാജകത്വത്തിന് ശ്രമിക്കുന്നെന്നാണ് രവി ശങ്കർ പ്രസാദിനെപ്പോലുള്ള ബി.ജെ.പി നേതാക്കളുടെ വിമർശനം. 17 ശതമാനത്തിലധികം മുസ്‍ലിംകളുള്ള ബിഹാറിൽ വഖഫ് നിയമം തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നതിൽ സംശയമില്ല.
വഖഫ് ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനമായ പട്നയിൽ മുസ്‍ലിം വ്യക്തിനിയമ ബോർഡിന്റെയും ജമാഅത്തെ ഇസ്‍ലാമിയുടെയുമെല്ലാം നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം നടന്നിരുന്നു. വഖഫ് ബചാവോ, സംവിധാൻ ബചാവോ (വഖഫ് സംരക്ഷിക്കൂ, ഭരണഘടന സംരക്ഷിക്കൂ) എന്ന പേരിൽ പട്നയിൽ നടന്ന റാലിയും ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു.
എം.എൽ.എയെ പുറത്താക്കി ബി.ജെ.പി
ഭഗൽപൂർ: ബിഹാറിൽ എം.എൽ.എയെ ബി.ജെ.പി സംസ്ഥാന ഘടകം പുറത്താക്കി. കഹാൽഗാവ് എം.എൽ.എ പവൻ യാദവിനെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയത്. മറ്റ് അഞ്ച് നേതാക്കളെയും അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കിയിട്ടുണ്ട്. സിറ്റിങ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കൾ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചെന്നാണ് ആരോപണം. ഇത്തവണ സീറ്റ് നൽകാത്തതിൽ പവൻ യാദവ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.