പ്രതീകാത്മക ചിത്രം 

എസ്.ഐ.ആർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് വോട്ടവകാശമില്ല: ഇടക്കാല ഉത്തരവ് തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഇത്തരം നടപടികൾ അപ്പീൽ ട്രൈബ്യൂണലുകളെ അമിതമായി സമ്മർദ്ദത്തിലാക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

34 ലക്ഷത്തോളം വരുന്ന യഥാർത്ഥ വോട്ടർമാർക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകണമെന്നും, ഒരു സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജി സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഏപ്രിൽ 11 വരെയുള്ള കണക്കനുസരിച്ച്, വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 34,35,174 അപ്പീലുകളാണ് പശ്ചിമ ബംഗാളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. തിരക്കിട്ട് തീരുമാനങ്ങൾ എടുക്കുന്നത് പിഴവുകൾക്ക് കാരണമാകുമെന്നും ട്രൈബ്യൂണൽ ജഡ്ജിമാരുടെ ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വോട്ടവകാശവും വോട്ടർ പട്ടിക പുതുക്കുന്നതിലെ കൃത്യതയും തമ്മിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്താൻ ശ്രമിക്കുമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല നിരീക്ഷിച്ചു. അപ്പീലുകളിൽ തീർപ്പാക്കുന്ന മുറക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ പട്ടികയിൽ മാറ്റം വരുത്തണമെന്നും ഇതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിക്കാമെന്നും ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക മരവിപ്പിക്കുന്നത് പ്രത്യേക നിയമങ്ങൾക്കനുസരിച്ചാണെന്നും, അവസാന നിമിഷം അതിൽ ഇടപെടുന്നത് പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചു.

അതേസമയം പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ (എസ്.ഐ.ആർ) ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമീഷനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് സാധുവായ ഒരു വോട്ടറുടെ പേര് പോലും നീക്കം ചെയ്താൽ നരേന്ദ്ര മോദി സർക്കാറിന്റെ പതനമായിരിക്കുമെന്ന് മമത മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 23നാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടർമാരുടെ അവകാശങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുതാര്യതയും പരിഗണിച്ചുകൊണ്ട് ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

Tags:    
News Summary - Voters Deleted from SIR list have no right to vote Supreme Court rejects interim order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.