പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാകും, ദലിതരുടെ സ്വപ്നവും പൂവണിയും -ദ്രൗപതി മുർമു

ന്യൂഡൽഹി: ഇന്ത്യയിലെ ദരിദ്രര്‍ക്ക് സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനും കഴിയുമെന്നതിന്‍റെ തെളിവാണ് തന്‍റെ രാഷ്ട്രപതിപദമെന്ന് ദ്രൗപദി മുർമു. നൂറ്റാണ്ടുകളായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും വികസനത്തിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരും ദരിദ്രരും അധഃസ്ഥിതരും പിന്നാക്കക്കാരും ഗിരിവര്‍ഗക്കാരുമെല്ലാം തന്നിലൂടെ അവരെ കാണുന്നത് ഏറെ സംതൃപ്തി നല്‍കുന്നുവെന്നും അവർ പറഞ്ഞു.

ഗോത്രമേഖലയിലെ അഭിസംബോധനയായ 'ജോഹർ' കൊണ്ടും അതിനുശേഷം നമസ്കാരവുംകൂടി പറഞ്ഞ് ദ്രൗപദി നടത്തിയ കന്നിപ്രസംഗത്തിൽ നിറഞ്ഞുനിന്നത് ഗോത്ര സംസ്കാരത്തനിമ. സ്വാതന്ത്ര്യസമരത്തിലെ ആദിവാസി സംഭാവനകളും ഗോത്രസമൂഹത്തിന് പ്രകൃതിയോടുള്ള ഹൃദയബന്ധവും ദ്രൗപദി എടുത്തുപറഞ്ഞു.

Full View

''രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗത്തുള്ള ഒഡിഷയിലെ ഒരു ചെറിയ ഗോത്രവര്‍ഗ ഗ്രാമത്തില്‍നിന്നാണ് എന്‍റെ ജീവിതയാത്ര ആരംഭിച്ചത്. ആ പശ്ചാത്തലത്തില്‍ പ്രാഥമിക വിദ്യാഭ്യാസം എന്നത് എനിക്ക് ഒരു സ്വപ്നം പോലെയായിരുന്നു. പ്രതിബന്ധങ്ങള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യം തകരാതെ കാത്തുസൂക്ഷിക്കാനായി. എന്‍റെ ഗ്രാമത്തിൽ കോളജില്‍ പോകുന്ന ആദ്യ പെണ്‍കുട്ടിയായി ഞാന്‍ മാറി. ഗോത്ര സമൂഹത്തില്‍പെട്ട വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയില്‍നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായി ഉയര്‍ന്നുവരാന്‍ എനിക്ക് അവസരം ലഭിച്ചു. ഇതാണ് ഇന്ത്യയുടെ മഹത്വം'' -രാഷ്ട്രപതി വിശദീകരിച്ചു.

തന്‍റെ തെരഞ്ഞെടുപ്പിന് രാജ്യത്തെ ദരിദ്ര്യരുടെ അനുഗ്രഹമുണ്ട്. കോടിക്കണക്കിന് സ്ത്രീകളുടെയും പെണ്‍മക്കളുടെയും സ്വപ്നങ്ങളെയും സാധ്യതകളെയും ഇത് പ്രതിഫലിപ്പിക്കുന്നു. വിദൂര ഗോത്രമേഖലയിലെ ദരിദ്ര ഭവനത്തില്‍ ജനിക്കുന്ന മകള്‍ക്ക് ഇന്ത്യയിലെ പരമോന്നത ഭരണഘടന പദവിയിലെത്താന്‍ കഴിയുമെന്നത് നമ്മുടെ ജനാധിപത്യത്തിന്‍റെ ശക്തിയാണ് പ്രകടമാക്കുന്നത്. സാന്താള്‍ പ്രക്ഷോഭം, പൈക പ്രക്ഷോഭം, കല്‍ക്കരി പ്രക്ഷോഭം, ഭില്‍ പ്രക്ഷോഭം എന്നിവ പരാമർശിച്ച ദ്രൗപതി, സാമൂഹിക ഉന്നമനത്തിലും ദേശസ്നേഹത്തിലും ആദിവാസി നേതാവ് 'ധര്‍ത്തി ആബ' ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ത്യാഗത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനും ആഹ്വാനം ചെയ്തു.

Full View

''ആയിരക്കണക്കിന് വർഷങ്ങളായി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഗോത്രപാരമ്പര്യത്തിലാണ് ജനിച്ചത്. ജീവിതത്തിലുടനീളം വനങ്ങളുടെയും ജലാശയങ്ങളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞു. പ്രകൃതിയിൽനിന്ന് ആവശ്യമായവ സ്വീകരിക്കുകയും തുല്യ ബഹുമാനത്തോടെ പ്രകൃതിയെ സേവിക്കുകയും വേണം. ഈ സംവേദനക്ഷമത ഇന്ന് ആഗോള അനിവാര്യതയാണ്.'' -രാഷ്ട്രപതി കൂട്ടിച്ചേർത്തു. നേതാജി സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, ബാബാ സാഹെബ് അംബേദ്കര്‍, ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവർക്കൊപ്പം റാണി ലക്ഷ്മി ബായി, റാണി വേലു നാച്ചിയാര്‍, റാണി ഗൈഡിന്‍ലിയു, റാണി ചെന്നമ്മ തുടങ്ങിയ സ്ത്രീശക്തികളെയും അവർ അനുസ്മരിച്ചു.

Full View


Tags:    
News Summary - voice of the marginalized- Droupadi Murmu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.