ഐസ്വാൾ: മിസോറാമിന്റെ 25-ാമത് ഗവർണറായി മുൻ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ലാൽദുഹോമ, മുൻ മുഖ്യമന്ത്രിമാരായ സോറാംതംഗ, ലാൽ തൻഹാവ്‌ല, അസംബ്ലി സ്പീക്കർ ലാൽബിയാക്‌സാമ, മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് റിട്ടയേർഡ് ജനറലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
2014 മുതൽ 2024 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ രണ്ട് ടേമുകളിൽ മന്ത്രിയായി സേവനമനുഷ്ഠിച്ച മുൻ കരസേനാ മേധാവിയുടെ നിയമനം, പ്രക്ഷുബ്ധമായ രണ്ട് അയൽ രാജ്യങ്ങളായ ബംഗ്ലാദേശിന്റെയും മ്യാൻമറിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മിസോറാമിലെ തന്ത്രപ്രധാന നീക്കമായി കരുതപ്പെടുന്നു.
ആഭ്യന്തരയുദ്ധത്തിൽ തകർന്ന മ്യാൻമറിൽ നിന്നുള്ള 30,000 അഭയാർത്ഥികളും ബംഗ്ലാദേശിലെ ചിറ്റഗോങ് മലയോരങ്ങളിൽ നിന്നുള്ള വംശീയ സമൂഹങ്ങളും മിസോറാമിൽ ഇപ്പോൾ താമസിക്കുന്നുണ്ട്. മിസോറാം മ്യാൻമറുമായി 510 കിലോമീറ്റർ അതിർത്തിയും ബംഗ്ലാദേശുമായി 318 കിലോമീറ്റർ അതിർത്തിയും പങ്കിടുന്നു.
ഒഡിഷ ഗവർണർ ആയി ചുമതലയേറ്റ ഹരി ബാബു കമ്പംപതിക്കു പകരമാണ് വി.കെ. സിങ് ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.