കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളിൽ ചുംബിച്ച ബി.ജെ.പി നേതാവിനെതിരെ വ്യാപക വിമർശനം. ഇതിന്റെ വിഡിയോ ഉയർത്തിക്കാട്ടി ബി.ജെ.പിയുടെ സ്ത്രീവിരുദ്ധതയാണ് തെളിയുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി എം.പി ഖാഗൻ മുർമുവാണ് പുലിവാലു പിടിച്ചത്. മാൾദഹ ഉത്തറിൽ നിന്നാണ് ഇദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
എന്നാൽ സ്വന്തം പിതാവിന്റെ പ്രായമുള്ള ഒരാൾ തന്നോട് വാത്സല്യം പ്രകടിപ്പിച്ചതാണെന്നും അതിൽ വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് യുവതി പ്രതികരിച്ചത്.
സി.പി.എം എം.എൽ.എയായിരുന്ന മുർമു 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്. തന്റെ കുട്ടിയായി കരുതുന്ന പെൺകുട്ടിയോട് വാത്സല്യം പ്രകടിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് മുർമു ന്യായീകരിച്ചു. തന്റെ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു മുർമു പെൺകുട്ടിയുടെ കവിളിൽ ചുംബിച്ചത്.
തുടർന്നാണ് ബി.ജെ.പി നേതാക്കളുടെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നത്. വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന എം.പിമാർ മുതൽ ബംഗാളി സ്ത്രീകളെ കുറിച്ച് അശ്ലീല ഗാനങ്ങൾ ആലപിക്കുന്ന നേതാക്കൾ വരെ ബി.ജെ.പി ക്യാമ്പിൽ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാർക്ക് ഒരു കുറവുമില്ല. മോദി കാ പരിവാർ നാരി കാ സമ്മാനിൽ ഏർപ്പെടുന്നത് ഇങ്ങനെയാണ്. അവർ അധികാരത്തിൽ വന്നാൽ എന്താകും സ്ഥിതിയെന്ന് സങ്കൽപിക്കാൻ പോലും സാധിക്കില്ല.''-എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ വിമർശനം.
എന്നാൽ കുട്ടികളോട് ആളുകൾ വാത്സല്യം കാണിക്കാറുണ്ടെന്നും അത് പ്രശ്നമാക്കേണ്ടതില്ലെന്നുമാണ് മുർമു പ്രതികരിച്ചത്. തൃണമൂലിനെതിരെ സൈബർ ആക്രമണം നടത്തുന്നുവെന്ന് പരാതി നൽകുമെന്നും മുർമു ഭീഷണി മുഴക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.