‘കൊടും ക്രൂരത, രക്ഷിക്കാമായിരുന്നില്ലേ.?’ അപകടത്തിൽ പെട്ട മയിൽ വേദനയിൽ പിടയുന്നതിനിടെ പീലി ശേഖരിക്കാൻ നാട്ടുകാർ, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

ന്യൂഡൽഹി: അപകടത്തിൽ പെട്ട മയിൽ പ്രാണ​വേദനയിൽ പിടയുന്നതിനിടെ പീലികൾ ശേഖരിക്കാൻ തിക്കിത്തിരക്കി നാട്ടുകാർ. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

അപകടത്തിൽ ​പെട്ട സാധുജീവിയെ രക്ഷപ്പെടുത്തുന്നതിന് പകരം പീലികൾ പിഴുതെടുക്കുന്നത് ഹൃദയഭേദകമാണെന്ന് ചൂണ്ടിക്കാട്ടി പലരും ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ മയിൽ റോഡിൽ കിടക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇതിനിടെ നാട്ടുകാർ പീലികൾ പറിച്ചെടുക്കാൻ തിക്കിത്തിരക്കുന്നതും കാണാം.

കൃത്യമായ സ്ഥലം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും പരിസ്ഥിതി സ്നേഹികളും ആക്ടിവിസ്റ്റുകളുമടക്കമുള്ളവർ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് കുറ്റക്കാർക്കെതിരെ കർശനമായ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. വന്യജീവി സംരക്ഷണ നിയത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ദേശീയ പക്ഷിയായ മയിലിനെ വേട്ടയാടുന്നതും പീലിയടക്കം ഭാഗങ്ങൾ കൈവശം വെക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. 

‘ഇതാരാണെന്ന് അറിയില്ല, ഇവർ എവിടുന്നാണ് വരുന്നത്? ഇത് ഇന്ത്യ തന്നെയാണോ? ഈ മനുഷ്യർ ഇത്ര പൈശാചികമാവുന്നത് എന്താവും? ഇവരെ ഇത്രയും ​പൈശാചികമാക്കി മാറ്റുന്നത് എന്താവും? ഭയം തോന്നുന്നു.’- ദൃശ്യങ്ങൾ പങ്കുവെച്ച് അങ്കു ഷാൻഡില്യ എന്ന യുവതി എക്സിൽ കുറിച്ചു.

‘സാക്ഷരതയാണ് പ്രശ്നമെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ ലോകത്ത് പലരുടെയും മാനസിക നിലയാണ് വെല്ലുവിളിയെന്ന് ഞാൻ മനസിലാക്കുന്നു!! ആളുകൾ ദരിദ്രരായി തുടരുന്നതും അസുഖബാധിതരാവുന്നതും ഇത്തരം കർമങ്ങളുടെ ഫലം കൂടിയാണ്,’- മറ്റൊരു ഉപയോക്താവ് കുറിച്ചു

മനുഷ്യരെന്ന നിലയിൽ നമ്മുടെ വികാരങ്ങളും ആത്മാവും മരിച്ച നമ്മൾ കഴുകൻമാരേക്കാൾ വലിയ വേട്ടക്കാരായി മാറിയെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. മറുത്ത് പറയാൻ കഴിവില്ലാത്ത ഈ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നമ്മൾ തട്ടിപ്പറിക്കു​ന്നുവെന്നത് വേദനാജനകമാണ്. അവരുടെ ശരീരവും അന്തസും അവകാശവും എല്ലാം നമ്മൾ ലജ്ജാകരമായി തട്ടിപ്പറിക്കുന്നു. ഇത്തരം മനുഷ്യത്വത്തിൽ എനിക്ക് അപമാനമാണ് തോന്നുന്നതെന്നും വീഡിയോ പങ്കുവെച്ച് കുറിപ്പിൽ പറയുന്നു.


 

 

Tags:    
News Summary - Villagers Gather To Pluck Feathers Of Peacock Met With An Accident Instead Of Saving It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.