കാർഷിക നിയമങ്ങളെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി-ജെ.ജെ.പി നേതാക്കൾക്ക് പ്രവേശനം വിലക്കി ഹരിയാനയിലെ ഒരു ഗ്രാമം. ഗ്രാമവാസികൾ പങ്കെടുത്ത പഞ്ചായത്തിലാണ് വിലക്ക് പുറപ്പെടുവിച്ചത്. തീരുമാനം ഒറ്റക്കെട്ടായാണ് എടുത്തതെന്നും ഗ്രാമവാസികൾ പറയുന്നു. ഗ്രാമവാസികൾ എല്ലാവരും തങ്ങളുടെ പക്കലുള്ള ഭൂമിക്കനുസരിച്ച് സമര ഫണ്ടിലേക്ക് പണം നൽകാനും തുരുമാനിച്ചു. ഒരു ഏക്കറിന് കുറഞ്ഞത് 100 രൂപ സംഭാവന ചെയ്യാനാണ് തീരുമാനം.
ഇതിനൊപ്പം ഗ്രാമത്തിലെ കുടുംബാംഗങ്ങളിൽ നിന്ന് ഒരാൾ ഡൽഹി അതിർത്തിയിലെ പ്രക്ഷോഭത്തിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്. 'കർഷകർക്കൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഫണ്ട് ശേഖരിക്കാൻ പഞ്ചായത്ത് വിളിക്കുകയായിരുന്നു. ബിജെപി-ജെജെപി നേതാക്കളെ പൂർണമായി ബഹിഷ്‌കരിക്കുന്നതായി ഞങ്ങൾ പ്രഖ്യാപിക്കുന്നു'-മുംബൈയിലും ബംഗളൂരുവിലും ബിസിനസ്സ് നടത്തുന്ന ഗ്രാമത്തിലെ കർഷകനായ വീരേന്ദർ നർവാൾ പറഞ്ഞു. 'നിയമങ്ങൾ കർഷകർക്ക് എതിരാണ്. കേന്ദ്ര സർക്കാർ അവ റദ്ദാക്കണം' അദ്ദേഹം പറഞ്ഞു.
ഭരണകക്ഷി നേതാക്കളെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഏകകണ്ഠമായി എടുത്തതായി ഗ്രാമത്തിലെ മുൻ സർപഞ്ച് സന്ദീപ് നർവാൾ പറഞ്ഞു. ദില്ലി അതിർത്തിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഓരോ കുടുംബത്തിൽ നിന്നും ഒരു അംഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭാഡ്‌സൺ ഗ്രാമത്തിലും പഞ്ചായത്ത് സംഘടിപ്പിക്കുകയും ചുറ്റുമുള്ള ബിജെപി-ജെജെപി നേതാക്കളുടെ പ്രവേശനം നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. 'വരും ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ ട്രാക്ടർ-ട്രെയിലറുകൾ പ്രക്ഷോഭത്തിലേക്ക് അയയ്ക്കും' -ഒരു കർഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.