പ്രതീകാത്മക ചിത്രം

ഗ്രാമം കടലാസിൽ മാത്രം, 'വികസനത്തിന്' അനുവദിച്ചത് 43 ലക്ഷം; ഉദ്യോഗസ്ഥരുടെ വൻ തട്ടിപ്പ്

ഫിറോസ്പൂർ: ഇല്ലാത്ത ഗ്രാമത്തെ ഔദ്യോഗിക രേഖകളിൽ കാണിച്ച് സർക്കാർ ഉദ്യോഗസ്ഥർ തട്ടിയത് 43 ലക്ഷം രൂപ. പഞ്ചാബിലെ ന്യൂ ഗാട്ടി രാജോ കി എന്ന് പേരിട്ടിരിക്കുന്ന ഗ്രാമമാണ് ഉദ്യോഗസ്ഥരുടെ ഭാവനാസൃഷ്ടി. ഫിറോസ്പൂരിലെ ഇന്ത്യ-പാക് അതിർത്തിയിലെ സീറോ ലൈനിനോട് ചേർന്ന് ഗാട്ടി രാജോ കെ എന്ന ഗ്രാമത്തിനടുത്താണ് ന്യൂ ഗാട്ടി രാജോ കി ഗ്രാമം സ്ഥിതി ചെയ്യുന്നതെന്നാണ് സർക്കാർ രേഖകളിൽ പറയുന്നത്. എന്നാൽ, ഗൂഗിൾ മാപ്പിലൊന്നും ഇങ്ങനെയൊരു ഗ്രാമം കണ്ടെത്താൻ കഴിയില്ല.

ഫിറോസ്പൂർ ജില്ലയിലെ എ.ഡി.സി ഡെവലപ്മെന്റ് ഓഫിസിൽ നിന്നാണ് വിചിത്രമായ ഈ അഴിമതി കേസ് പുറത്തു വന്നത്. 2018-19 കാലഘട്ടത്തിലാണ് അഴിമതി നടക്കുന്നത്. ഉദ്യോഗസ്ഥർ കൃത്രിമമായി ഒരു ഗ്രാമം കടലാസിൽ സൃഷ്ടിക്കുകയും വിവിധ വികസന പദ്ധതികൾക്കായി 43 ലക്ഷം രൂപ അനുവദിച്ചെന്ന പേരിൽ പണം തട്ടുകയുമായിരുന്നു. സംഗതി പുറത്തായതോടെ ഇപ്പോൾ മുഴുവൻ തട്ടിപ്പിൻ്റെയും ചുരുളഴിക്കാനുള്ള ശ്രമം നടക്കുകയാണ്.

വിവരാവകാശ പ്രവർത്തകനായ ഗുർദേവ് സിംഗിന് ഏറെ നാളത്തെ പോരാട്ടത്തിനൊടുവിലാണ് പഞ്ചാബ് സർക്കാരിൽ നിന്ന് വിവരങ്ങൾ ലഭിച്ചത്. ന്യൂ ഗാട്ടി രാജോ കി എന്ന ഗ്രാമത്തിനായി ഒരു പ്രത്യേക പഞ്ചായത്ത് രൂപീകരിച്ചതായി അപ്പോഴാണ് കണ്ടെത്തിയത്. ഈ ഗ്രാമത്തിന് ലഭിച്ച ഗ്രാൻ്റുകളെ കുറിച്ച് വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങൾ തേടിയപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവന്നത്. 'ന്യൂ ഗാട്ടി രാജോ കി' ഗ്രാമത്തിൻ്റെ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ, ഫിറോസ്പൂരിലെ ബി.ഡി.പി.ഒ ഓഫിസിലെ ചില ഉദ്യോഗസ്ഥരും പ്രാദേശിക എ.ഡി.സി ഡെവലപ്‌മെൻ്റ് ഓഫിസിലെ ജീവനക്കാരും ചേർന്ന് അതേ പേരിൽ രേഖകളിൽ വ്യാജ പഞ്ചായത്ത് നിർമിച്ചു. യഥാർഥ പഞ്ചായത്തിന് കുറഞ്ഞ ഗ്രാൻ്റുകളും വികസന പദ്ധതികളും ലഭിച്ചപ്പോൾ കടലാസിലെ ഗ്രാമത്തിന് ലഭിച്ചത് ഇരട്ടിയോളം ധനസഹായമാണ്.

തൊഴിൽ കാർഡുകൾ, വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി അഴിമതികളാണ് പുറത്തുവന്നത്. യഥാർഥ ഗ്രാമത്തിന് 80 തൊഴിൽ കാർഡുകൾ അനുവദിക്കുമ്പോൾ വ്യാജ ഗ്രാമത്തിന് 140 എണ്ണം അനുവദിക്കുന്നു. വികസന പ്രവർത്തനങ്ങൾ, ഗ്രാമത്തിലെ റോഡുകൾ, പശു ഫാമുകൾ ഇങ്ങനെ നീളുന്നു തട്ടിപ്പിന്റെ പട്ടിക. ആകെ തട്ടിപ്പ് തുക 43 ലക്ഷത്തിനടുത്തും.

വിവരാവകാശ നിയമപ്രകാരമുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് ശേഷം താൻ ഫിറോസ്പൂർ മുൻ ഡെപ്യൂട്ടി കമീഷണർക്ക് പരാതി നൽകിയതായി ഗുർദേവ് സിംഗ് പറഞ്ഞു. എന്നാൽ, വിഷയത്തിൽ സമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പലതവണ സന്ദർശനം നടത്തിയിട്ടും ഫിറോസ്പൂരിലെ ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് ഓഫിസർക്ക് (ഡി.ഡി.പി.ഒ) നൽകിയ പരാതി രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫിറോസ്പൂർ ഡെപ്യൂട്ടി കമീഷണർ ദീപ്ഷിഖ ശർമ്മയുമായി ബന്ധപ്പെട്ടപ്പോൾ, വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഗ്രാമത്തിൻ്റെ പഞ്ചാബി, ഇംഗ്ലീഷ് പേരുകൾ തമ്മിലുള്ള ആശയക്കുഴപ്പമാണ് പ്രശ്നത്തിന് കാരണമെന്നും ഗ്രാൻ്റുകൾ ശരിയായി ഉപയോഗിച്ചുവെന്നുമാണ് ഒരു കീഴുദ്യോഗസ്ഥൻ അവകാശപ്പെട്ടത്. എന്നാൽ ഗ്രാമങ്ങൾക്ക് എങ്ങനെയാണ് വെവ്വേറെ ഗ്രാൻ്റുകൾ അനുവദിച്ചതെന്ന് വ്യക്തമാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഡീഷണൽ ഡെപ്യൂട്ടി കമീഷണർ ലഖ്‌വീന്ദർ സിംഗും പറഞ്ഞു.

അതേസമയം, അതേ ഗ്രാമത്തിൻ്റെ പഞ്ചാബി, ഇംഗ്ലീഷ് പേരുകളിലെ പൊരുത്തക്കേടുകൾ കാരണം ക്ലറിക്കൽ പിശക് മൂലമാണ് പ്രശ്‌നം ഉടലെടുത്തതെന്ന് ചില വിജിലൻസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഒരു അഴിമതി നടന്നതായാണ് സൂചിപ്പിക്കുന്നത്. വകുപ്പിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ന്യൂ ഗാട്ടി രാജോ കി നിലവിലില്ലെങ്കിലും രണ്ട് വ്യത്യസ്ത വില്ലേജുകൾക്കായി രണ്ട് ഓൺലൈൻ പോർട്ടലുകൾ നിലവിലുണ്ടെന്ന് പ്രാരംഭ കണ്ടെത്തലുകളിലും സൂചിപ്പിക്കുന്നു.

Tags:    
News Summary - village disappears after getting development work worth Rs 43 lakh done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.