വിജയ്

സുരക്ഷാ കാരണങ്ങളാൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടൻ പരിപാടി റദ്ദാക്കി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പൊതുപരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദി ഷാർഡിന് പുറത്ത് ചൊവ്വാഴ്ച ആരാധകർ തടിച്ചുകൂടിയിരുന്നു. എന്നാൽ മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതിനെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നു.

‘പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി പരിപാടി റദ്ദാക്കുകയാണ്, സുരക്ഷാ കാരണങ്ങളാൽ ഞങ്ങൾക്ക് അനുമതിയില്ല’ മുഖ്യമന്ത്രിയുടെ സംഘത്തിലെ ഒരാൾ ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. മണിക്കൂറുകളോളം ക്യൂ നിന്ന പല ആരാധകരും നിരാശരായി മടങ്ങി. ‘ഇത് ന്യായമാണെന്ന് തോന്നുന്നു, പക്ഷേ ഇത്രയും ആളുകൾ കാത്തുനിന്നിരുന്നു. തമിഴ്നാട്ടിൽ കാണുന്ന തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒന്നുമല്ല. എന്നാണ് ഒരു ആരാധകൻ പറഞ്ഞത്. 

വിജയ്‌യുടെ ടി.വി.കെ പാർട്ടിയുടെ ഐ.ടി വിഭാഗവും റദ്ദാക്കൽ സ്ഥിരീകരിച്ചു. പാർട്ടി പ്രവർത്തകരും അനുഭാവികളും മുഖ്യമന്ത്രിയെ കാണാൻ ആവേശത്തിലായിരുന്നെങ്കിലും, പൊതുജന സുരക്ഷയും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ അഭ്യർത്ഥനയും പരിഗണിച്ച് കൂടിക്കാഴ്ച നടത്താനാകില്ലെന്ന് അവർ എക്സിൽ കുറിച്ചു.

‘തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ കാണാനാണ് നിങ്ങളെല്ലാവരും എത്തിച്ചേർന്നത്. എന്നാൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന്റെ അഭ്യർത്ഥന മാനിച്ചും, അദ്ദേഹത്തിന് നിങ്ങളെ നേരിൽ കാണാൻ സാധിക്കാത്ത ഒരു അനിവാര്യ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്’ എന്നാണ ്അവർ കുറിച്ചത്. 

അതേസമയം, യു.കെ സന്ദർശനത്തിനിടെ തിങ്കളാഴ്ച ലണ്ടനിൽ 12,300 കോടി രൂപയിലധികം മൂല്യമുള്ള നിക്ഷേപങ്ങൾക്കായി നിരവധി ധാരണാപത്രങ്ങൾ മുഖ്യമന്ത്രി ഒപ്പുവെക്കുകയും ചെയ്തു. തമിഴ്നാടിനെ ഏഷ്യയിലെ നൂതന നിർമാണ-സാങ്കേതിക കേന്ദ്രമാക്കി മാറ്റുകയാണ് നിക്ഷേപ ശ്രമങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്ത് 9,400ലധികം ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്യൻ, യു.കെ അധിഷ്ഠിത സംയുക്ത സംരംഭ പങ്കാളികൾക്കൊപ്പം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 11,000 കോടി രൂപ നിക്ഷേപിക്കാൻ ഗൈഡൻസ് തമിഴ്നാടുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചതായി റിപ്പോർട്ടുകളുണ്ട്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക കൺസൾട്ടൻസി, ഹെവി ഉപകരണ നിർമാണം എന്നിവയും നിക്ഷേപ ശ്രമങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. 

സ്വീഡിഷ് സാങ്കേതിക കമ്പനിയായ സിഗ്മ ടെക്നോളജി ഗ്രൂപ്പും തമിഴ്നാട്ടിൽ ഡിജിറ്റൽ സേവനങ്ങളും എഞ്ചിനീയറിങ് പ്രവർത്തനങ്ങളും വിപുലീകരിക്കാൻ കരാറുകൾ ഒപ്പുവെച്ചു. ഇന്ത്യയിൽ 3,000 കോടി രൂപയുടെ നിക്ഷേപത്തിനായി ഒരു പ്രമുഖ യൂറോപ്യൻ ഓട്ടോ സ്പെയർ പാർട്സ് നിർമാതാവ് തമിഴ്നാടിനെ തങ്ങളുടെ ഇഷ്ട സ്ഥലമായി തിരഞ്ഞെടുത്തു. സംസ്ഥാനത്ത് പ്രവർത്തനങ്ങൾ വിജയകരമായി സ്ഥാപിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സഹകരണവും നൽകുമെന്ന് തമിഴ്നാട് സർക്കാർ കമ്പനിക്ക് ഉറപ്പ് നൽകിയതായി സർക്കാർ വാർത്താക്കുറിപ്പിൽ പറയുന്നു.

Tags:    
News Summary - Vijay's London public event cancelled over safety concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.