അമിത് ഷാ, രാഹുൽ ഗാന്ധി
'അമിത് ഷാ അന്ന് ആഭ്യന്തര മന്ത്രി സ്ഥാനത്തുണ്ടാകില്ല'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
അമൃതസർ: പഞ്ചാബിനെ 2029 ഡിസംബർ 31ഓടെ ലഹരിമുക്തമാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അമിത് ഷാ അന്ന് ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഉണ്ടാകില്ലെന്നും നരേന്ദ്ര മോദി സർക്കാർ ഒരു വർഷം പോലും പൂർത്തിയാക്കില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഗ്രൂരിൽ നടന്ന കോൺഗ്രസിന്റെ 'ഇൻസാഫ് റാലി'യിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ചത്.
'പഞ്ചാബിലെ ലഹരിപ്രശ്നം പരിഹരിക്കാൻ മൂന്ന് വർഷത്തെ സമയമാണ് അമിത് ഷാ ചോദിക്കുന്നത്. എന്നാൽ മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ ആഭ്യന്തരമന്ത്രിയായി തുടരില്ലെന്നും ഈ സർക്കാർ ഒരു വർഷത്തിൽ കൂടുതൽ നിലനിൽക്കില്ലെന്നുമാണ് തന്റെ വിലയിരുത്തലെന്ന്' രാഹുൽ പറഞ്ഞു. പഞ്ചാബിൽ ലഹരിമരുന്ന് വ്യാപകമാകുന്നുവെന്ന തന്റെ മുന്നറിയിപ്പുകൾ ബിജെപിയും അകാലിദളും തള്ളിക്കളയുകയായിരുന്നുവെന്ന് രാഹുൽ ഓർമിപ്പിച്ചു. ഹെറോയിൻ അടങ്ങിയ 'ചിട്ട' (Chitta) എന്ന അപകടകാരിയായ ലഹരിവസ്തു സംസ്ഥാനത്ത് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
ആം ആദ്മി പാർട്ടി (എ.എ.പി) ഭരിക്കുന്ന പഞ്ചാബ് സർക്കാരിനെ ഡൽഹിയിൽ നിന്നാണ് നിയന്ത്രിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാൻ ഒരു വശത്തേക്ക് മാറ്റപ്പെടുകയും അമിത് ഷായും അരവിന്ദ് കേജ്രിവാളും ചേർന്ന് ഭരണം നടത്തുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലഹരി മരുന്ന് കച്ചവടത്തിനെതിരെ പ്രതികരിച്ച ലഹരിവിരുദ്ധ പ്രവർത്തകൻ പർവീന്ദർ സിങ് ഝോട്ട വെടിയേറ്റു കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് വലിയ ജനരോഷത്തിനിടയാക്കിയിരുന്നു. കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ പിതാവ് ബൽക്കൗർ സിങ് റാലിക്ക് മുന്നോടിയായി രാഹുലുമായി കൂടിക്കാഴ്ച നടത്തി. മൂസെവാലയുടെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് 2022 മേയിൽ അദ്ദേഹം കൊല്ലപ്പെട്ടതെന്ന് രാഹുൽ ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ പർഗത് സിങ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ റാലിയിൽ പങ്കെടുത്തു. പഞ്ചാബിലെ ജനങ്ങൾക്ക് സംസ്ഥാനത്തിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തെയാണ് ആവശ്യമെന്നും, കോൺഗ്രസ് അധികാരത്തിൽ വന്നാൽ പഞ്ചാബിലെ മുഖ്യമന്ത്രി തന്നെയായിരിക്കും ഭരണം നയിക്കുകയെന്നും രാഹുൽ ഗാന്ധി ജനങ്ങൾക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.