എസ്.ഐ.ആറിൽ ആധാർ മാത്രം പോരാ; ഡൽഹിയിൽ പൗരത്വ രേഖകളും വേണമെന്ന് നിർബന്ധിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടിക്കിടെ ‘മാപ്പിങ് ലഭ്യമല്ലാത്തവർ’ എന്ന് അടയാളപ്പെടുത്തി നോട്ടീസ് ലഭിച്ച ഡൽഹിയിലെ വോട്ടർമാരിൽ നിന്ന്, തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് മാത്രം സമർപ്പിച്ചവരോട് പൗരത്വ തെളിവായി കൂടുതൽ രേഖകൾ ഹാജരാക്കാൻ ബൂത്ത് തല ഉദ്യോഗസ്ഥരെ (ബി.എൽ.ഒ) ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ (ഇ.ആർ.ഒ) നിർബന്ധിക്കുന്നതായി റിപ്പോർട്ടുകൾ.

എസ്.ഐ.ആറിൽ പുറത്തായ ഇത്തരം വോട്ടർമാർ ബംഗ്ലാദേശികളോ റോഹിങ്ക്യകളോ അല്ലെന്ന് ഉറപ്പുവരുത്താൻ ഇ.ആർ.ഒമാർ ആവശ്യപ്പെട്ടതായി ബി.എൽ.ഒമാരെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.

വോട്ടർമാർ വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണെന്നും യോഗ്യരാണെന്നും കാണിച്ച് ബി.എൽ.ഒമാർ നൽകുന്ന ഫീൽഡ് വെരിഫിക്കേഷൻ റിപ്പോർട്ടുകളും സത്യവാങ്മൂലങ്ങളും നിലനിൽക്കെയാണ് വീണ്ടും രേഖകൾ ആവശ്യപ്പെട്ട് വോട്ടർമാരെ സമീപിക്കാൻ ഇ.ആർ.ഒമാർ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച 11 ഔദ്യോഗിക രേഖകളിൽ ഒന്നിൽ കൂടുതൽ രേഖകൾ ശേഖരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആധാർ മാത്രം നൽകിയവരുടെ അപേക്ഷകൾ സിസ്റ്റത്തിൽ പ്രത്യേകമായി അടയാളപ്പെടുത്തുന്നുണ്ട്. ഒരേ വിവരങ്ങൾക്കായി വീണ്ടും വീണ്ടും വോട്ടർമാരെ സമീപിക്കേണ്ടി വരുന്നത് വോട്ടർമാർക്കിടയിലും ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പവും അതൃപ്തിയും ഉണ്ടാക്കിയതായും ചില സന്ദർഭങ്ങളിൽ പാസ്പോർട്ട് സമർപ്പിച്ചവരോടുപോലും കൂടുതൽ തെളിവുകൾ ആവശ്യപ്പെടേണ്ടി വരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

എന്നാൽ, അനധികൃത കുടിയേറ്റക്കാരെ വോട്ടർപട്ടികയിൽ നിന്ന് വേർതിരിച്ചറിയാൻ പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ആധാർ മാത്രം പൗരത്വ തെളിവായി കരുതാൻ കഴിയില്ലെങ്കിലും, ബി.എൽ.ഒ നൽകുന്ന അന്വേഷണ റിപ്പോർട്ടിൽ സംതൃപ്തരാണെങ്കിൽ വോട്ടറെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇ.ആർ.ഒമാർക്ക് അധികാരമുണ്ട്.

കരട് വോട്ടർപട്ടികയിലെ 97 ലക്ഷത്തോളം വോട്ടർമാരിൽ 33.1 ലക്ഷം പേർക്കാണ് വിവിധ കാരണങ്ങളാൽ നോട്ടീസ് അയച്ചിരുന്നത്. ഈ നോട്ടീസുകൾ തീർപ്പാക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടിയിട്ടുണ്ട്. അന്തിമ വോട്ടർപട്ടിക ഡിസംബർ 22ന് പ്രസിദ്ധീകരിക്കും.

Tags:    
News Summary - Reports Claim Delhi Voters Providing Only Aadhaar Are Being Forced to Submit Citizenship Proof

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.