ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 603.20 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ തിങ്കളാഴ്ചയാണ് അദ്ദേഹം പത്രിക നൽകിയത്. പെരമ്പൂരിന് പുറമെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും വിജയ് ജനവിധി തേടുന്നുണ്ട്.
603.20 കോടിയിൽ 213 കോടിയിലധികം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപമാണ്. ബി.എം.ഡബ്ല്യു 530, ടൊയോട്ട ലെക്സസ്, ടൊയോട്ട വെൽഫെയർ, ബി.എം.ഡബ്ല്യു തുടങ്ങിയ ആഡംബര കാറുകൾ ഉൾപ്പെടെ വലിയൊരു വാഹന ശേഖരം തന്നെ വിജയിക്കുണ്ട്. അതേസമയം, വിജയിയുമായി പിരിഞ്ഞു കഴിയുന്ന ഭാര്യ സംഗീതയുടെ ആസ്തിയായി 15.76 കോടി രൂപയാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. ഇതിൽ 15.51 കോടി രൂപ ചരദാസ്തിയും 25 ലക്ഷം രൂപ അചരാസ്തിയുമാണ്.
വിവാഹേതര ബന്ധം ആരോപിച്ച് സംഗീത നേരത്തെ വിജയിക്കെതിരെ വിവാഹമോചന ഹർജി ഫയൽ ചെയ്തിരുന്നു. കുടുംബപരമായ ഈ പ്രതിസന്ധികൾക്കിടയിലാണ് തമിഴക വെട്രി കഴകത്തിന്റെ സ്ഥാനാർത്ഥിയായി വിജയ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുന്ന ടി.വി.കെ 'വിസിൽ' ചിഹ്നത്തിലാണ് വോട്ടർമാരെ സമീപിക്കുന്നത്. ഏപ്രിൽ 23നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.