ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസ് സർക്കാർ ഏർപ്പെടുത്തിയ പ്രസിഡൻഷ്യൽ ബഹുമതി ലഭിച്ചതിനെതിരെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. ഖ്വാജ ആസിഫിന് മറ്റ് ജോലികളൊന്നുമില്ലെന്നും, തനിക്ക് അറിവില്ലാത്ത വിഷയങ്ങളിൽ അബദ്ധജടിലമായ അഭിപ്രായങ്ങൾ പറഞ്ഞ് സമയം തള്ളിനീക്കുകയാണെന്നുമാണ് പ്രതികരണം.
"ഖ്വാജ ആസിഫ് മാനസികനില തെറ്റിയ ആളാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയൊരാളെ പ്രതിരോധ ചുമതല ഏൽപ്പിക്കുന്നത് പാകിസ്ഥാന്‍റെ ഇന്നത്തെ അവസ്ഥയെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന് മറ്റ് ജോലികളൊന്നുമില്ല. കാര്യവിവരമില്ലാത്ത വിഷയങ്ങളിൽ അസംബന്ധം പറഞ്ഞ് അദ്ദേഹം സമയം കളയുകയാണ്," സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. "അസൂയ എപ്പോഴും മോശമാണ്, പ്രത്യേകിച്ച് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന ഒരാളിൽ നിന്ന് വരുമ്പോൾ" എന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയുടെ സീഷെൽസ് ബഹുമതിയെ "കൃത്രിമമായ അംഗീകാരം" എന്ന് പരിഹസിച്ച് ഖ്വാജ ആസിഫ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ ശക്തമായ മറുപടി. പരിസ്ഥിതി സംരക്ഷണത്തിനും വികസ്വര ദ്വീപ് രാഷ്ട്രങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത കണക്കിലെടുത്താണ് സീഷെൽസ് സന്ദർശന വേളയിൽ അദ്ദേഹത്തിന് 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' എന്ന പ്രസിഡൻഷ്യൽ ബഹുമതി നൽകിയത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഇന്ത്യൻ പ്രധാനമന്ത്രി. സീഷെൽസ് സർക്കാർ തങ്ങളുടെ ദേശീയ പുരസ്കാര സമ്പ്രദായം പരിഷ്കരിച്ചതിന് ശേഷമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
പുതിയ പുരസ്കാരത്തെച്ചൊല്ലി ഇന്ത്യയിൽ രാഷ്ട്രീയ തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഔദ്യോഗിക പത്രക്കുറിപ്പിലെ അക്ഷരത്തെറ്റുകളും ടൈപ്പിങ് പിശകുകളും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു. എ.ഐ ഉപയോഗിച്ച് ധൃതിപ്പെട്ട് തയ്യാറാക്കിയതാണ് ഈ പുരസ്കാരത്തിന്റെ ചിത്രം എന്നും വിമർശിക്കപ്പെട്ടു. എന്നാൽ, പുരസ്കാരം യഥാർത്ഥമാണെന്നാണ് സീഷെൽസ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ആഭ്യന്തര രാഷ്ട്രീയ വിവാദങ്ങളെത്തുടർന്ന് പഴയ ദേശീയ ബഹുമതി ചട്ടക്കൂട് റദ്ദാക്കി പുതിയതൊന്ന് നിർമിക്കുന്ന പ്രക്രിയയിലായിരുന്നു തങ്ങളെന്ന് അവർ അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ജൂൺ 24-നാണ് മന്ത്രിസഭ ഈ പുരസ്കാരത്തിന് അംഗീകാരം നൽകിയത്. പുരസ്കാരത്തിന്‍റെ പത്രക്കുറിപ്പ് അബദ്ധത്തിൽ പ്രചരിച്ച ഒരു "തൊഴിൽ കരട്" മാത്രമാണെന്നും, പിന്നീട് അംഗീകൃത പതിപ്പ് പുറത്തിറക്കിയെന്നും സീഷെൽസ് വ്യക്തമാക്കി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കിയതിനാൽ, ചിത്രത്തിന്‍റെ ഭാഗങ്ങൾ ഡിജിറ്റൽ ഡിസൈൻ ടൂൾ ഉപയോഗിച്ചാണ് നിർമിച്ചതെന്നും അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.