കുട്ടികളുടെ അശ്ലീല വീഡിയോ; കുറ്റവാളികളെ കണ്ടെത്താൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-മെറ്റ

ന്യൂഡൽഹി: ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (സി.എസ്.എ.എം) പങ്കുവെക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ എതിരെ ‘സീറോ ടോളറൻസ്’ നയമാണ് തങ്ങൾക്കുള്ളതെന്ന് മെറ്റ വക്താവ്. പരസ്യങ്ങളിൽ ഇത്തരം ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തുന്നതിനെതിരെയും കർശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.

3.5 ബില്യൺ ഉപയോക്താക്കൾക്കിടയിൽ ഒളിച്ചിരിക്കുന്ന കുറ്റവാളികളെ കണ്ടെത്താൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും മെറ്റാ വക്താവ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനും ലിങ്കുകൾ തടയാനും വിദഗ്ധ സംഘം നിരന്തരം പ്രവർത്തിക്കുന്നുണ്ട്. മറ്റ് കമ്പനികളുമായി വിവരങ്ങൾ പങ്കുവെച്ച് നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

നേരത്തെ, മെറ്റയുടെ അൽഗോരിതം സി.എസ്.എ.എം അടങ്ങിയ വീഡിയോകളെ പ്രോത്സാഹിപ്പിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈംഗികച്ചുവയുള്ള ഉള്ളടക്കങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും, ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചുള്ള പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇത്തരത്തിൽ പരസ്യങ്ങൾ വരുന്ന വഴി ടെലിഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ നയിക്കുകയും അവിടെ ഇത്തരം ഉള്ളടക്കങ്ങൾ വിൽപനക്ക് വെച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു.

അതേസമയം, ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വന്ന സംഭവത്തിൽ മെറ്റക്ക് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയം ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐ.ടി മന്ത്രാലയം മെറ്റയോട് വിശദീകരണം തേടി. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം.

ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും സി.എസ്.എ.എം അടങ്ങിയ വീഡിയോകളിലേക്കും മറ്റും ഉപയോക്താക്കളെ എത്തിക്കുന്ന തരത്തിലുള്ള പെയ്ഡ് പരസ്യങ്ങൾ വരുന്നതിനെതിരെയാണ് സർക്കാർ നടപടി. ഇത്തരം ക്രമിനൽ ഉള്ളടക്കങ്ങളെ ‘അൽഗോരിതമിക് ആംപ്ലിഫിക്കേഷൻ’ (അൽഗോരിതം വഴി പ്രചരിപ്പിക്കൽ) വഴി പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സർക്കാർ ഇടപെടൽ.

ഏഴ് ദിവസത്തിനുള്ളിൽ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, പോക്സോ നിയമം എന്നിവ പ്രകാരം മെറ്റക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ പരസ്യങ്ങൾ എങ്ങനെ അംഗീകരിക്കപ്പെട്ടു, ആരോപണങ്ങൾ ഉയർന്നതിന് ശേഷം സ്വീകരിച്ച നടപടികൾ എന്തൊക്കെ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് സർക്കാർ വിശദീകരണം തേടിയിരിക്കുന്നത്.

Tags:    
News Summary - Meta Deploys Advanced AI to Detect Offenders and Prevent Child Sexual Abuse Content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.