വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം, ഭർത്താവിനെ ഒഴിവാക്കാൻ ഭാര്യയുടെ ക്രൂരമായ ഗൂഢാലോചന; ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു!

ഗുരുഗ്രാം (ഹരിയാന): ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. റീവാരിയിലെ കനാലിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ഭാര്യ തന്നുവും ഹരി ഓം എന്ന യുവാവും പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതി സോനുവും കൂട്ടാളി അമനും ഒളിവിലാണ്.

ജർതൽ ഗ്രാമവാസിയായ മോനുവിനെ (21) കാണാനില്ലെന്ന് ജൂൺ ഒമ്പതിനാണ് പിതാവ് രത്തൻ ലാൽ കസോള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ജൂൺ എട്ടിന് രാത്രി മരുന്ന് വാങ്ങാൻ ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു യുവാവ്. തൊട്ടടുത്ത ദിവസം കനാലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്കൂട്ടർ കനാൽ തീരത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെങ്കിലും മരണത്തിൽ കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം വഴിത്തിരിവായത്.

പൊലീസിന്റെ വിശദമായ അന്വേഷണത്തിലും സാങ്കേതിക തെളിവുകൾ പരിശോധിച്ചതിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു മോനുവും തന്നുവും തമ്മിലുള്ള വിവാഹം. എന്നാൽ, തന്നുവിന് മറ്റൊരു യുവാവായ സോനുവുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് തടസ്സമായി നിൽക്കുന്ന ഭർത്താവിനെ ഒഴിവാക്കാൻ ഇവർ ഗൂഢാലോചന നടത്തുകയായിരുന്നു.

ജൂൺ എട്ടിന് രാത്രി തന്നു ഫോൺ വിളിച്ച് മോനുവിനെ കസോളി ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ തീരുമാനിച്ചതനുസരിച്ച് സോനു അയച്ച ഹരി ഓമും അമനും ഇവിടെ തമ്പടിച്ചിരുന്നു. മോനു എത്തിയ ഉടൻ പ്രതികൾ ഇയാളെ പിടികൂടുകയും ശ്വാസംമുട്ടിച്ച് അബോധാവസ്ഥയിലാക്കി കനാലിൽ തള്ളുകയുമായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചോ അതോ കനാലിൽ വീണതിന് ശേഷമാണോ മരണം സംഭവിച്ചത് എന്നത് ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്ന് ബാവൽ ഡി.എസ്.പി സുരേന്ദ്ര ഷിയോറൻ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ വീട്ടുകാർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ജാലിയാവസിൽ ചെറിയ കട നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട മോനു.

Tags:    
News Summary - Days After Marriage, Wife and Lover Allegedly Conspire to Kill Husband; Body Found in Gurugram Canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.