സ്ത്രീ സൗജന്യ യാത്ര സ്റ്റേ ചെയ്യണം; തമിഴ്നാട്ടിൽ ഹൈകോടതിയെ സമീപിച്ച് സ്വകാര്യ ബസ് ഉടമകൾ
ചെന്നൈ: തമിഴ്‌നാട് സർക്കാറിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിവാദത്തിൽ. പദ്ധതി സ്വകാര്യ ബസുകളുടെ വരുമാനത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം ഓപറേറ്റർമാർ മദ്രാസ് ഹൈകോടതിയെ സമീപിച്ചു. പദ്ധതി സ്റ്റേ ചെയ്യണമെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഓപറേറ്റർമാർ ഹരജി നൽകിയത്. സ്ത്രീകൾക്കുള്ള സൗജന്യ യാത്രമൂലം സ്വകാര്യ ബസ് ഓപറേറ്റർമാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് ഹരജിയിൽ പറയുന്നു. തങ്ങളുടെ ദിവസവരുമാനത്തിലുണ്ടാകുന്ന നഷ്ടത്തിന് സർക്കാർ എങ്ങനെയാണ് നഷ്ടപരിഹാരം നൽകുകയെന്നും അവർ ചോദിച്ചു.
യാത്രക്കാരായ സ്ത്രീകളെ നിരക്ക് ഈടാക്കാതെ യാത്ര ചെയ്യാൻ അനുവദിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും വാദിച്ചു. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാറിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും അതിനാൽ സ്ത്രീകളുടെ സൗജന്യയാത്ര തുടരുന്നതിനുള്ള നിയമപരമായ അടിത്തറ ചോദ്യം ചെയ്യാമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിപുലീകരിച്ച 'വെട്രി പയനം' പദ്ധതി ആരംഭിച്ചത്. ചെന്നൈയിലെ കോയമ്പേട് നിന്ന് വനിതാ യാത്രക്കാർക്ക് സൗജന്യ ടിക്കറ്റുകൾ നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
സ്ത്രീകൾക്ക് സാമൂഹിക, സാമ്പത്തിക അവസരങ്ങൾ നഷ്ടപ്പെടാതിരിക്കുക എന്ന ലക്ഷ്യം വച്ചാണ് പദ്ധതി തമിഴ്നാട് സർക്കാർ നടപ്പിലാക്കിയത്. ആഗസ്റ്റ് 24നാണ് നിയമസഭയിൽ മുഖ്യമന്ത്രിയ്‍വിജയ് പദ്ധതി പ്രഖ്യാപിച്ചത്. നേരത്തെ മലയോര മേഖലകളിൽ 40 കിലോമീറ്റർ വരെ മാത്രമായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്രാ ഉണ്ടായിരുന്നത്. എന്നാൽ വിപുലീകരിച്ച പദ്ധതിയിൽ കൂടുതൽ സർവിസുകൾ ഉൾപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ ഏഴ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളാണ് ഈ സർവിസുകൾ നടത്തുന്നത്. പദ്ധതി വിപുലീകരിച്ചതോടെ പ്രതിദിനം 12,695 ബസുകൾ 1,68,500 സിംഗിൾ ട്രിപ്പുകൾ നടത്തുന്നുണ്ട്. സംസ്ഥാനത്താകെ പ്രതിദിനം ഏകദേശം 84.32 ലക്ഷം വനിതാ യാത്രക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.