യു.എസ് പൊലീസുകാരന്റെ അശ്ലീലം നിറഞ്ഞ പരിഹാസം ഒരു ഇന്ത്യൻ കുടുംബത്തെ തകർക്കുന്ന വിധം...

വാഷിങ്ടൺ: ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിൽ നിന്നുള്ള ജാൻവി കണ്ട്‍ല എന്ന 23 കാരി യു.എസിൽ അപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഒമ്പത് മാസം കഴിഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിന് ഇപ്പോഴും ശമനമായിട്ടില്ല. ഈ പെൺകുട്ടി പൊലീസ് ട്രക്കിടിച്ചാണ് മരിച്ചത്. ജാൻവി പൊലീസ് ട്രക്കിനുള്ളിൽ കുടുങ്ങിയതിനെ പരിഹസിച്ചുകൊണ്ടുള്ള യു.എസ് പൊലീസുകാരന്റെ വിഡിയോ ആണ് ഇപ്പോൾ ചർച്ച വിഷയമാകുന്നത്. അവൾക്ക് അത്ര വിലയില്ലായിരുന്നുവെന്നും 11000 ഡോളറിന്റെ ചെക്ക് മതിയാകുമെന്നും പറഞ്ഞ് അയാൾ അപമാനിക്കുന്നത് കുടുംബത്തിന് താങ്ങാനാവുന്നില്ല.

നോർത്തേൺ യൂനിവേഴ്സിറ്റിയിലെ സിയാറ്റിൽ കാംപസിൽ നിന്ന് മടങ്ങവെ, ജനുവരി അഞ്ചിനാണ് ജാൻവി പൊലീസ് ട്രക്കിനടിയി​ൽ പെട്ടത്. ഇൻഫർമേഷൻ സിസ്റ്റത്തിൽ എം.എസ് ചെയ്യുകയായിരുന്നു ഈ മിടുക്കി. ജാൻവിയുടെ പിതാവ് കെ. ശ്രീകാന്ത് പൊലീസിൽ നിന്ന് വിരമിച്ചയാളാണ്. അമ്മ കെ. വിജയലക്ഷ്മി സ്കൂൾ അധ്യാപികയും.

''കുട്ടിക്കാലം തൊട്ടേ നന്നായി പഠിക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന പെൺകുട്ടിയായിരുന്നു അവൾ. യു.എസിൽ ഉന്നത പഠനം അവളുടെ വലിയ സ്വപ്നമായിരുന്നു. അവളുടെ മരണവാർത്ത അച്ഛനെയും അമ്മയെയും സഹോദരിയെയും മറ്റ് കുടുംബാംഗങ്ങളെയും ഉലച്ചിരിക്കുകയാണ്. വലിയ സ്വപ്നം കണ്ട് അതിനായി കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് അവൾ. നിർഭാഗ്യവശാൽ ഭീകരമായൊരു വഴിയിൽ അവളുടെ ജീവിതത്തിന് തിരശ്ശീല വീണിരിക്കുന്നു.​''-ജാൻവിയുടെ മുത്തശ്ശൻ കെ. സുരിബാബു പറഞ്ഞു.

​''ഒരുപാട് മുറിവുകളുണ്ട് അവളുടെ ശരീരത്തിലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്. അവളുടെ മരണത്തെ ഒരു യു.എസ് പൊലീസുകാരൻ പരിഹസിക്കുന്ന വാർത്തയും കഴിഞ്ഞ ദിവസം ഞങ്ങൾ കേട്ടു. ഭീകരമാണിത്. കടുത്ത വിഷമമുണ്ടാക്കുന്നതും. ഹൃദയം തകർക്കുന്നതും. അവളുടെ മരണശേഷം അത്തരം അവസ്ഥകളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്.''-അദ്ദേഹം തുടർന്നു.

ജാൻവിയുടെ മരണശേഷം അവളുടെ അമ്മ സ്വകാര്യ സ്കൂളിലെ ജോലി അവസാനിപ്പിച്ചു. അവരിപ്പോഴും മരണമേൽപിച്ച ആഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല. അവർ ആരോടും സംസാരിക്കുന്നില്ല. ശരിയായി ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിട്ട് നാളുകളായി.-സുരിബാബു കൂട്ടിച്ചേർത്തു.

ബി.കോം പൂർത്തിയാക്കിയ ശേഷം 2020 സെപ്റ്റംബറിലാണ് ജാൻവി രണ്ടുവർഷത്തെ എം.എസ് പഠനത്തിനായി യു.എസിലേക്ക് പോയത്. ഈ ഡിസംബറിൽ കോഴ്സ് കഴിയുമായിരുന്നു. സിയാറ്റിലി​ൽ സെറ്റിൽഡായ ബന്ധു വഴിയായിരുന്നു പ്രവേശന നടപടികൾ.

നാട്ടിൽ ബിരുദത്തിന് പഠിക്കുമ്പോഴും ജാൻവിയുടെ സ്വപ്നം യു.എസിൽ ഉന്നത പഠനമായിരുന്നു. അതിനായി അവൾ യു.എസിലെ യൂനിവേഴ്സിറ്റികളിലെ കോഴ്സുകളെ കുറിച്ച് ഓൺലൈനിൽ പരതി. സ്വന്തം നിലക്ക് തന്നെ യാത്രക്കുള്ള രേഖകളും പണവും താമസവും ശരിയാക്കി. കുറച്ചു പണം നൽകി എന്നല്ലാതെ മാതാപിതാക്കൾക്ക് മറ്റൊന്നും അറിയേണ്ടി വന്നില്ല. പുറംലോകത്തെ കുറിച്ച് അവർക്ക് വലിയ ഗ്രാഹ്യമൊന്നുമുണ്ടായിരുന്നില്ല.

Tags:    
News Summary - Video of US cop laughing at Andhra student Jaahnavi’s death reopens family’s wounds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.