‘രാജ്യത്ത് മുസ്‍ലിംകളേക്കാൾ അപകടകാരി ക്രിസ്ത്യാനികൾ’; മദ്രാസ് ഹൈകോടതി ജഡ്ജിയാകുന്ന വിക്ടോറിയ ഗൗരിയെ അറിയാം

ചെന്നൈ: വിദ്വേഷ പ്രസംഗത്തിന് പേരുകേട്ട വ്യക്തിയാണ് ഇന്ന് മദ്രാസ് ഹൈകോടതി അഡിഷനല്‍ ജഡ്ജിയായി നിയമിതയാകുന്ന ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരി. ബി.ജെ.പി വനിതാ വിഭാഗം നേതാവുകൂടിയാണ് അവർ. കൊളീജിയം ശിപാർശക്കെതിരെ അഭിഭാഷകർ നൽകിയ ഹരജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. അഭിഭാഷകർ നൽകിയ ഹരജിയിൽ ഗുരുതരമായ ആരോപണങ്ങളാണ് വിക്ടോറിയ ഗൗരിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

“ലോക തലത്തിൽ, ക്രിസ്ത്യൻ ഗ്രൂപ്പുകളേക്കാൾ അപകടകാരികളാണ് ഇസ്‍ലാമിക ഗ്രൂപ്പുകൾ. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇസ്‍ലാമിക ഗ്രൂപ്പുകളേക്കാൾ അപകടകരമാണ് ക്രിസ്ത്യൻ ഗ്രൂപ്പുകൾ എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. മതപരിവർത്തനത്തിന്റെ, പ്രത്യേകിച്ച് ലവ് ജിഹാദിന്റെ പശ്ചാത്തലത്തിൽ രണ്ടും ഒരുപോലെ അപകടകരമാണ്. ഒരു ഹിന്ദു ഒരു മുസ്‍ലിമിനെ - ഒരു ഹിന്ദു പെൺകുട്ടി ഒരു മുസ്‍ലിം ആൺകുട്ടിയെ വിവാഹം കഴിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല. അവർ പരസ്പരം പ്രണയത്തിലാകുന്നതുവരെയും അവർ മനസ്സിലാക്കി സ്നേഹത്തോടെയും ജീവിക്കുന്നതുവരെ. പകരം, എന്റെ പെൺകുട്ടിയെ സിറിയൻ തീവ്രവാദ ക്യാമ്പുകളിൽ കണ്ടെത്തിയാൽ എനിക്ക് എതിർപ്പുണ്ട്. അതാണ് ഞാൻ ലവ് ജിഹാദ് എന്ന് നിർവചിക്കുന്നത്’’ -ഗൗരിയുടെ പരാമർശമായി ഹരജിക്കാർ പരാതിയിൽ ചൂണ്ടിക്കാണിച്ച പ്രധാന വസ്തുത ഇതാണ്.

"ന്യൂനപക്ഷങ്ങളോട് ഇത്ര ശക്തമായ വിരോധം പുലർത്തുന്ന ഒരു വ്യക്തിയുടെ ജഡ്ജിയായുള്ള ഉയർച്ച അസ്വസ്ഥമാക്കുന്നു" -ഹരജിക്കാരായ അഭിഭാഷകർ പറയുന്നു. മുസ്‍ലിം അല്ലെങ്കിൽ ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള ഒരു ആവലാതിക്കാരന് അവരുടെ കോടതിയിൽ ഹാജരായാൽ അവർക്ക് നീതി ലഭിക്കുമോ എന്നും ഹരജിക്കാരായ അഭിഭാഷകർ ചോദിക്കുന്നു.

ആര്‍.എസ്.എസിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രിസ്ത്യന്‍ വിരുദ്ധ ലേഖനമെഴുതിയെന്ന് വിക്ടോറിയ ഗൗരിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ വിക്ടോറിയ ഗൗരി ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ നേതാവാണ്. 'ദേശീയ സുരക്ഷക്കും സമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദോ ക്രിസ്ത്യൻ മിഷനറിയോ?', 'ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്കാരിക വംശഹത്യ' എന്നീ തലക്കെട്ടുകളിലാണ് വിക്ടോറിയ ഗൗരിയുടെ രണ്ട് അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

പുതിയ ജഡ്ജി നിയമനത്തിന് മദ്രാസ് ഹൈകോടതി സുപ്രീംകോടതി കൊളീജിയത്തിന് കൈമാറിയ പട്ടികയില്‍ വിക്ടോറിയ ഗൗരിയുടെ പേരുണ്ടായിരുന്നു. പിന്നാലെ സുപ്രീംകോടതി കൊളീജിയം കേന്ദ്ര നിയമ വകുപ്പിന് വിക്ടോറിയയുടെ പേര് ശിപാര്‍ശ ചെയ്യുകയായിരുന്നു.

ഇത്തരം നിയമനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം അഭിഭാഷകര്‍ സുപ്രീംകോടതി കൊളീജിയത്തിനും രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാളെ ജഡ്ജിയാക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് വിഘാതമാവുമെന്നും ജഡ്ജിയാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ചില അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ഹരജിയും ഫയല്‍ ചെയ്തു.

Tags:    
News Summary - Victoria Gowri as Madras HC Judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.