ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികൾക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. സുരക്ഷ സൈനികരുടെ ജീവാർപ്പണം മാതൃരാജ്യത്തിന്റെ സ്മരണകളിൽ എക്കാലവും നിറഞ്ഞു നിൽക്കുമെന്ന് ഉപരാഷ്ട്രപതി സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.
രാഷ്ട്രത്തോടുള്ള അവരുടെ സ്നേഹവും സേവനവും നിശ്ചയദാർഢ്യവും ജനങ്ങളുടെ കൂട്ടായ മനഃസാക്ഷിയിൽ എക്കാലവും മായാതെ നിൽക്കുമെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ഓരോ ഇന്ത്യക്കാരനും അവരുടെ ധീരതയിൽ നിന്ന് ശക്തിയാർജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധീര രക്തസാക്ഷികളുടെ ധീരതയും രാഷ്ട്രത്തോടുള്ള അചഞ്ചലമായ സ്നേഹവും ജനമനസ്സിൽ എക്കാലവും തങ്ങിനിൽക്കുമെന്നും, അവരുടെ ജീവത്യാഗം ഒരിക്കലും വിസ്മരിക്കില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.രക്തസാക്ഷികളോടും അവരുടെ കുടുംബങ്ങളോടും നമ്മൾ കടപ്പെട്ടിരിക്കുന്നുവെന്നും, അവരുടെ ധീരതയും അർപ്പണബോധവും എല്ലാവർക്കും മാതൃകയാണെന്നും പ്രിയങ്ക പറഞ്ഞു.
ധീരസൈനികരുടെ ജീവത്യാഗം അതിർത്തി കടന്നുള്ള തീവ്രവാദം വെച്ചുപൊറുപ്പിക്കില്ലെന്ന നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.