പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ​ജൈന സന്യാസിയുടെ കൊലപാതകം: വർഗീയ മുതലെടുപ്പിന് സംഘ്പരിവാർ ശ്രമം

ബെംഗളൂരു: കർണാടകയിൽ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ദിഗംബർ ജൈന സന്യാസി കാമകുമാര നന്ദി മഹാരാജ് കൊല്ലപ്പെട്ട സംഭവം വർഗീയ മുതലെടുപ്പിനുപയോഗിച്ച് സംഘ് പരിവാർ. കൊലപാതകത്തിനിടയാക്കിയത് കോൺഗ്രസിന്‍റെ ഹിന്ദു വിരുദ്ധ നയങ്ങളാണെന്ന ആരോപണവുമായി വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി) രംഗത്തെത്തി. കൊലപാതകികൾക്ക് സർക്കാർ വധശിക്ഷ ഉറപ്പാക്കണമെന്നും വി.എച്ച്.പി പറഞ്ഞു. സന്യാസിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാരായണ ബസപ്പ മാഡി, ഹസ്സൻ ദളയത്ത് എന്നീ രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവർക്ക് കാമകുമാര നന്ദി മഹാരാജ് പണം കടം കൊടുത്തിരുന്നു. ഈ പണം തിരിച്ചുചോദിച്ചപ്പോൾ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവ​ത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ടുണ്ട്. കുറ്റവാളികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ഈ കൊടുംക്രൂരതക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സംഭവത്തെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളുമായാണ് സംഘപരിവാർ രംഗത്തെത്തിയിരിക്കുന്നത്. ജൈന സന്യാസിയുടെ കൊലപാതകം രാജ്യത്തെ ആത്മീയവും മതപരവുമായ സാഹോദര്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്ന് വി.എച്ച്.പി ജനറൽ സെക്രട്ടറി മിലിന്ത് പരാണ്ഡെ പറഞ്ഞു."രാജ്യത്ത് അഹിംസയുടെ പാഠങ്ങൾ പഠിപ്പിച്ച ഒരു സന്യാസിയെ തട്ടിക്കൊണ്ടുപോകുന്നു. അദ്ദേഹത്തെ അതിക്രൂരമായി കൊലപ്പെടുത്തുന്നു, കഷണങ്ങളാക്കി മുറിച്ച ശേഷം കിണറ്റിൽ തള്ളുന്നു. പുണ്യമായ ഒരു ശരീരത്തെ ജിഹാദികൾ ഇപ്രകാരം ആക്രമിക്കുന്നുണ്ടെങ്കിൽ അതിന് കാരണം കോൺഗ്രസ് സർക്കാരിന്‍റെ ഹിന്ദു വിരുദ്ധ നയങ്ങളാണ്. സംസ്ഥാനത്ത് എന്ന് മുതൽ പുതിയ സർക്കാർ ഗോവധ വിരുദ്ധ നിയമവും മതപരിവർത്തന നിയമവും ഇല്ലാതാക്കുന്നതിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയോ അന്ന് മുതൽ സംസ്ഥാനത്ത് മതവിരുദ്ധ-ദേശവിരുദ്ധ ശക്തികളുടെ എണ്ണവും വർധിച്ചു" - പരാണ്ഡെയുടെ വാദം ഇങ്ങനെ. 

സംസ്ഥാന സർക്കാരിന്‍റെ ഹിന്ദു വിരുദ്ധ നയങ്ങൾ കാരണം സാധാരണക്കാരൻ ഇന്ന് സംസ്ഥാനത്ത് സുരക്ഷിതരല്ല. ആരെങ്കിലും അങ്ങനെ സ്വതന്ത്രമായി സംസ്ഥാനത്ത് വിഹരിക്കുന്നുണ്ടെങ്കിൽ അത് ജിഹാദികളോ തീവ്രവാദികളോ ആയിരിക്കുമെന്നും പരാണ്ഡെ കൂട്ടിച്ചേർത്തു.

കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും, അന്വേഷണം ഊർജിതമാക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ ആവശ്യപ്പെട്ടു. സന്യാസിമാർക്കും ദർശകർക്കും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം സർക്കാരിനോട് പറഞ്ഞു.

Tags:    
News Summary - VHP Blames Cong Govt's Policies for the muder of Jain Monk in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.