ചൈനീസ് പത്രം വ്യാജപ്രചാരണം നടത്തുന്നുവെന്ന് ഇന്ത്യ: ‘തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണം’

ന്യൂഡൽഹി: പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തെക്കുറിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള പത്രം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ഇന്ത്യ. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിനെതിരെയാണ് ഇന്ത്യ രംഗത്തുവന്നത്. ഓപറേഷൻ സിന്ദൂരിനെക്കുറിച്ചുളള റിപ്പോർട്ടിന്മേലാണ് പരാമർശം. തകർന്ന വിമാനങ്ങളുടെ പഴയ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതെന്ന് രാജ്യം ചൂണ്ടിക്കാട്ടി.

'പ്രിയപ്പെട്ട ഗ്ലോബൽ ടൈംസ് ഇത്തരം തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് അതിലെ വസ്തുതകളും ഉറവിടങ്ങളും പരിശോധിക്കണം.' ചൈനയിലെ ഇന്ത്യൻ എംബസി എക്‌സിലെ പോസ്റ്റിൽ പറയുന്നു. ഓപറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ പാക് അനുകൂല സംഘടനകൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഉറവിടങ്ങൾ പരിശോധിക്കാതെ മാധ്യമങ്ങൾ അത്തരം വിവരങ്ങൾ പങ്കിടുന്നത് ഉത്തരവാദിത്തത്തിലും പത്രപ്രവർത്തന നൈതികതയിലുമുള്ള ഗുരുതരമായ വീഴ്ചയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും എംബസി കൂട്ടിച്ചേർത്തു.

തകർന്ന വിമാനങ്ങളുടെ പഴയ ചിത്രങ്ങൾ ഉപയോഗിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ ഉദാഹരണങ്ങൾ കേന്ദ്രത്തിന്റെ വസ്തുതാ പരിശോധകരായ പി.ഐ.ബി ഫാക്ട് ചെക്ക് വെളിച്ചത്തു കൊണ്ടുവന്നതായും സർക്കാർ ചൂണ്ടിക്കാട്ടി. പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന് 2024 സെപ്റ്റംബറിൽ രാജസ്ഥാനിൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനത്തിന്റേതും മറ്റൊന്ന് 2021 ൽ പഞ്ചാബിൽ നിന്നുള്ള മിഗ്-21 യുദ്ധവിമാനത്തിന്റേതുമാണ്. മുസാഫറാബാദ്, കോട്‌ലി, ബഹാവൽപൂർ, റാവലകോട്ട്, ചക്ഷ്വാരി, ഭീംബർ, നീലം വാലി, ഝലം, ചക്വാൾ എന്നിവയാണ് ഇന്ത്യൻ ക്രൂയിസ് മിസൈലുകൾ പതിച്ച സ്ഥലങ്ങൾ. ഇവയെല്ലാം തീവ്രവാദ പ്രവർത്തനങ്ങളുടെ സ്ഥിരീകരിക്കപ്പെട്ട കേന്ദ്രങ്ങളായിരുന്നുവെന്നും എംബസി പറഞ്ഞു.

ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ വിജയകരമായി നടത്തിയതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സായുധ സേനയ്ക്ക് നന്ദി പറഞ്ഞു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടിക്കാനുള്ള അവകാശം വിനിയോഗിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

Tags:    
News Summary - "Verify Facts": India Slams Chinese State Media Over Op Sindoor "Disinformation"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.