ന്യൂഡൽഹി: ദുർഗാദേവിയെ സ്തുതിക്കുന്ന ശ്ലോകങ്ങൾ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു വന്ദേമാതരത്തിൽ നിന്ന് നീക്കംചെയ്തതായി ബി.ജെ.പിയുടെ ആരോപണം. ഈ ശ്ലോകങ്ങൾ ഉൾപ്പെടുത്തിയുള്ള വന്ദേമാതരത്തിന്റെ ഒറിജിനൽ പതിപ്പിനെ നേതാജി സുഭാഷ് ചന്ദ്രബോസ് അനുകൂലിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ദേശീയ ഗീതത്തിന് അനുയോജ്യമായ വരികളല്ലെന്ന് പറഞ്ഞ് 1937ൽ നെഹ്റു അത് നീക്കംചെയ്യുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
വന്ദേമാതരത്തിന്റെ 150ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ബി.ജെ.പിയുടെ ആരോപണം.
1937ൽ നെഹ്റു കോൺഗ്രസ് അധ്യക്ഷനായപ്പോൾ ചരിത്രപരമായ വലിയൊരു മണ്ടത്തരം ചെയ്തതായി ബി.ജെ.പി വക്താവ് സി.ആർ. കേശവൻ എക്സിൽ കുറിച്ചു. ''വന്ദേമാതരത്തിലെ വരികൾ ദേവീ സ്തുതിയാണെന്ന് ആളുകൾ കരുതുന്നത് അസംബന്ധമാണെന്നായിരുന്നു നെഹ്റു എഴുതിയത്. വന്ദേമാതരത്തിന്റെ പൂർണ ഒറിജിനൽ പതിപ്പ് പുറത്തിറക്കുന്നതിന് നേതാജി അനുകൂലിച്ചു. എന്നൽ അതിലെ ദുർഗാ സ്തുതി മുസ്‍ലിംകളെ അലോസരപ്പെടുത്താൻ സാധ്യതയുണ്ടെന്നായിരുന്നു എന്ന് കാണിച്ച് നെഹ്റു 1937 ഒക്ടോബർ 20ന് നേതാജിക്ക് കത്തെഴുതി.വന്ദേമാതരത്തിനെതിരായ പ്രതിഷേധത്തിൽ കഴമ്പുണ്ടെന്നാണ് തോന്നുന്നത്. വർഗീയ ചായ്‍വുള്ള ആളുകളെ ഇത് ബാധിച്ചിട്ടുണ്ട്''-കേശവൻ പറഞ്ഞു.
മുൻ പ്രധാനമന്ത്രിയുടെ ഹിന്ദുവിരോധമാണ് ഇത് കാണിക്കുന്നത്. വന്ദേമാതരം ഒരു പ്രത്യേക മതത്തിന്റേയോ ഭാഷയുടേയോ ഭാഗമല്ല. എന്നാൽ എന്നാൽ കോൺഗ്രസ് ആ ഗാനത്തെ മതവുമായി ബന്ധിപ്പിച്ചുകൊണ്ട് ചരിത്രപരമായ പാപവും മണ്ടത്തരവും ചെയ്തു. -കേശവൻ ആരോപിച്ചു. നെഹ്റുവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ ഏറെ സമാനതകളുണ്ടെന്നും ബി.ജെ.പി വക്താവ് ആരോപിച്ചു. നെഹ്റുവിന്റെ അതേ ഹിന്ദു വിരോധ മാനസികാവസ്ഥയാണ് രാഹുലിനും. അടുത്തിടെ ബിഹാറിൽ ഛാഠ് പൂജ രാഹുൽ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു. കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെയാണ് അത് വ്രണപ്പെടുത്തിയത്. ഡൽഹിയിലെ ഛാഠ് പൂജക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്നാനം ചെയ്യാനായി പ്രത്യേക കുളം നിർമിച്ച് ബി.ജെ.പി നാടകം കളിച്ചുവെന്ന് രാഹുൽ ഗാന്ധി അടുത്തിടെ ആരോപണമുയർത്തിയിരുന്നു.
19ാം നൂറ്റാണ്ടിൽ ബങ്കിം ചന്ദ്ര ചാറ്റർജിയാണ് വന്ദേമാതരം എഴുതിയത്. 1882ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആനന്ദമഠം എന്ന നോവലിലെ ഭാഗമാണിത്.
നേരത്തേ വന്ദേമാതരം ദേശീയഗാനമാക്കണമെന്നും ജനഗണമന ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യാനായി എഴുതിയതാണെന്നും ബി.ജെ.പി എം.പി വിശ്വേശ്വര്‍ കഗേരി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.