പ്രതിപക്ഷത്തിരുന്നപ്പോൾ കർഷക സമരത്തെ അനുകൂലിച്ച്​ വാജ്​പേയി; പഴയ വിഡിയോ പുറത്തുവിട്ട്​ പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: 1980ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്‌പേയി കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിക്കുന്ന വിഡിയോ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു. കർഷകരുടെ പ്രതിഷേധ പരിപാടിയെ വാജ്​പേയി അഭിസംബോധന ചെയ്യുന്നതിന്‍റെ പഴയ വിഡിയോ ആണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത്.

രാജ്യത്തെ പരുത്തി, ചണം കർഷകരുടെ പ്രശ്​നങ്ങളെ കുറിച്ചാണ്​ വാജ്പേയി വിഡി​േയായിൽ സംസാരിക്കുന്നത്​. പരുത്തി കർഷകർ വർഷങ്ങളായി പ്രതിസന്ധിയിലാണ്​. പക്ഷേ, വസ്​ത്രങ്ങളുടെ വില മൂന്നിരിട്ടിയായി ഉയർന്നു. പരുത്തിക്ക്​ സർക്കാർ വില നിശ്​ചയിച്ചു. പക്ഷേ, പരുത്തി ഉൽപാദിപ്പിക്കാനുള്ള ചെലവിനേക്കാൾ കുറവാണ്​ ഈ വില. വിളകളുടെ വില നിശ്ചയിക്കുകയും അത് വാങ്ങാതിരിക്കുകയും ചെയ്യുന്ന​ സർക്കാറിന്‍റെ രീതി വിമർശിക്കപ്പെടേണ്ടതാണ്​. മതിയായ സംഭരണ ശേഷിയുടെ അഭാവത്തിൽ ചെറുകിട കർഷകർക്ക് അവരുടെ വിളകൾ നാലിലൊന്ന് വിലയ്ക്ക് വിൽക്കേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ടാണ് അവർക്ക് ഇത്തരത്തില്‍ പ്രതിഷേധിക്കേണ്ടി വരുന്നതെന്നും വാജ്പേയി പറയുന്നുണ്ട്.

മഹാരാഷ്​ട്ര, കർണാടക, ആന്ധ്ര, മധ്യപ്രദേശ്​, ഗുജറാത്ത്​ എന്നിവിടങ്ങളിലെല്ലാം കർഷകർ നീതി തേടിയുള്ള പോരാട്ടത്തിലാണ്​. കർഷകർക്കെതിരായ നിലപാട്​ തിരുത്തണമെന്ന്​ ഞാൻ സർക്കാറിന്​ മുന്നറിയിപ്പ്​ നൽകുകയാണ്​. അവരെ പറ്റിക്കുന്നത്​ സർക്കാർ അവസാനിപ്പിക്കണം. കർഷകർ ഭയന്ന്​ പിന്മാറില്ല. ഞങ്ങൾ കർഷകരുടെ ന്യായമായ അവകാശത്തെ പിന്തുണക്കുന്നു. കർഷകർക്കെതിരെ നിയമങ്ങൾ ദുരുപയോഗം ചെയ്​ത്​, ബലം ​പ്രയോഗിച്ച്​, സമാധാനപരമായ സമരത്തെ തകർക്കാനാണ്​ സർക്കാറിന്‍റെ നീക്കമെങ്കിൽ കർഷകർക്കൊപ്പം അണിനിരക്കാൻ ബി.ജെ.പി മടിക്കില്ല. തങ്ങൾ കർഷകർക്കൊപ്പം തോളോടുതോൾ ചേർന്നുനിൽക്കുമെന്നും വാജ്​പേയി പറയുന്നുണ്ട്​.

ഇപ്പോള്‍ ബി.ജെ.പി ഭരണപക്ഷത്ത് ഇരിക്കുമ്പോള്‍ കര്‍ഷക പ്രതിഷേധത്തോട് സ്വീകരിക്കുന്ന നിലപാടും അന്ന് പ്രതിപക്ഷത്തിരുന്ന വാജ്പേയി സ്വീകരിച്ച നിലപാടും തമ്മിലുള്ള വൈരുദ്ധ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക്​ വഴിതെളിച്ചിരിക്കുകയാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.