ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ സമുന്നത നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ സംസ്കാരം വൈകീട്ട് നാലിന് ഡൽഹി ‘സ്മൃതിസ്ഥലി’ൽ നടക്കും. സംസ്കാരം പൂർണ ഒൗദ്യോഗിക ബഹുമതികളോടെയാവും നടക്കുക.
ആറ് എ കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍ സമസ്ത മേഖലകളിലെയും പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. രാവിലെ 7.30 മുതല്‍ 8.30 വരെ പൊതുജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവസരം നൽകി.
തുടർന്ന് ഒമ്പത് മണിയോടെ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി.ജെ.പി ദേശീയ ആസ്ഥാനത്തേക്ക് ഭൗതികശരീരം സൈനിക വാഹനത്തിൽ കൊണ്ടു പോയി. പൊതുദർശനത്തിന് വെക്കുന്ന ഭൗതിക ശരീരം ഒരു മണിയോടെ ബി.ജെ.പി ആസ്ഥാനത്തു നിന്ന് വിലാപയാത്രയായി ‘സ്മൃതിസ്ഥലി’ൽ എത്തിക്കും. നാലു മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും.
ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ അയൽ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും. പാകിസ്താൻ ആക്ടിങ് നിയമ മന്ത്രി അലി സഫറും ശ്രീലങ്കൻ ആക്ടിങ് വിദേശകാര്യ മന്ത്രി ലക്ഷ്മൺ കൈരീളയും നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗാവാലിയും ബംഗ്ലാദേശിൽ നിന്നും എ.എച്ച്. മഹ്മൂദ് അലിയും ആകും പങ്കെടുക്കുക.
മുൻ പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.