ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ നിന്ന് രക്ഷപ്പെടുത്തിയ റോഡ് തൊഴിലാളികളിൽ ഒരാൾ കൂടി മരിച്ചതോടെ മൊത്തം മരണം നാലായി. ശനിയാഴ്ച മൂന്ന് മൃതദേഹങ്ങൾ ദുരന്തസംഘം കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട 55 തൊഴിലാളികളിൽ അഞ്ചു പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 46 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏഴ് ഹെലികോപ്റ്ററുകളും കൂടാതെ പ്രത്യേക റെക്കോ റഡാറുകൾ, യു.എ.വികൾ, ക്വാഡ്‌കോപ്റ്ററുകൾ, അവലാഞ്ച് റെസ്‌ക്യൂ ഡോഗ്‌സ് തുടങ്ങിയവ കാണാതായവർക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്ന് സൈന്യം അറിയിച്ചു.
അപകടസ്ഥലത്തുനിന്ന് 3.4 കിലോമീറ്റർ അകലെയുള്ള ബദരീനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം സുഗമമാക്കുന്നതിന് റോഡ് വീതി കൂട്ടുന്ന പദ്ധതിയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്. ഇവരെ മഞ്ഞുവീഴ്ചയും ഹിമപാതവും ഉണ്ടായിട്ടും ഒഴിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നതിന് ഇപ്പോഴും ഉത്തരമില്ല.
മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഒഴുക്കൻ മറുപടിയാണ് നൽകിയത്. ‘ഒരു അന്വേഷണം നടത്തിക്കഴിഞ്ഞാൽ എല്ലാം വ്യക്തമാകും. നമുക്ക് ആദ്യം കാണാതായവരെ രക്ഷിക്കാം. പരിക്കേറ്റവരെ ചികിത്സിക്കാം’ - എന്നായിരുന്നു ധാമിയുടെ പ്രതികരണം.
പദ്ധതി വേഗത്തിലാക്കാൻ തൊഴിലാളികളുടെ സുരക്ഷ സർക്കാർ അവഗണിച്ചതായി സംസ്ഥാന കോൺഗ്രസ് ആരോപിച്ചു. മെയ് 4ന് ബദരീനാഥ് ക്ഷേത്രം വീണ്ടും ഭക്തർക്കായി തുറക്കാനുള്ള നീക്കത്തിലാണ് ഭരണകൂടം. ടിബറ്റ് അതിർത്തിയോട് ചേർന്ന് ചമോലി ജില്ലയിലെ മന ഗ്രാമത്തിനും മന പാസിനുമിടയിലുള്ള മഞ്ഞുമൂടിയ ദബ്രാനി പ്രദേശമാണ് അപകടസ്ഥലം. ‘ബോർഡർ റോഡ് ഓർഗനൈസേഷൻ’ റോഡ് വീതി കൂട്ടൽ പദ്ധതി സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുത്തിരുന്നു.
കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയോ അല്ലാതെയോ പ്രദേശത്ത് ഈ സീസണിൽ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തുടർച്ചയായ മഞ്ഞുവീഴ്ച, ഹിമപാതങ്ങൾ, ഹിമാനികൾ തകർച്ച എന്നിവ കാരണം നവംബർ മുതൽ ഏപ്രിൽ വരെ അവിടെ സിവിലിയൻ സഞ്ചാരം നിരോധിച്ചിരിക്കുകയാണെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ പ്രദേശം വളരെ അപകടകരമാണ്. ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സും സൈനിക ഉദ്യോഗസ്ഥരും മാത്രമാണ് അവിടെ അവരുടെ ക്യാമ്പുകളിൽ കഴിയുന്നത്. രണ്ട് ഹിമപാതങ്ങളും തുടർച്ചയായ മഞ്ഞുവീഴ്ചയും കാരണം രക്ഷാപ്രവർത്തകർക്ക് വെള്ളിയാഴ്ച രാത്രി അവരുടെ താവളത്തിലേക്ക് തിരിച്ചുപോരേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.