മോദീ, ഈ ഫോട്ടോ ഒന്ന് ഡിലീറ്റ് ചെയ്യൂവെന്ന് പവൻ ഖേര; ‘യുദ്ധം നമ്മുടെ പടിവാതിൽക്കൽ, മോദിയുടെ നിശബ്ദത ദേശവിരുദ്ധം’

ന്യൂഡൽഹി: ഇന്ത്യയുടെ അതിഥിയായെത്തിയ ഇറാന്റെ യുദ്ധക്കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ആക്രമിച്ച യു.എസ് സൈനിക നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാവൽക്കാരനാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, തങ്ങളുടെ അതിഥിയായെത്തിയ കപ്പൽ ആക്രമിക്കപ്പെട്ടിട്ടും പ്രതികരിക്കാത്തതിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുപ്രധാന സുരക്ഷാ പങ്കാളിയും മേഖലയിൽ സ്ഥിരത രൂപപ്പെടുത്താൻ കഴിവുള്ളവരു​മാണ് ഇന്ത്യൻ നാവികസേനയെന്ന മോദിയുടെ ‘മഹാസാഗർ’ പദ്ധതി, അദ്ദേഹം പ്രഖ്യാപിക്കുന്ന മറ്റു പലതും പോലെ മണ്ടത്തരമാണെന്ന് തെളിഞ്ഞതായി പവൻ ഖേര എക്സിൽ കുറിച്ചു.


‘ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാവൽക്കാരനായി ഇന്ത്യൻ നാവികസേന നിലകൊള്ളുന്നു’ എന്ന അടിക്കുറിപ്പോടെ 2005 ഒക്ടോബർ 20ന് മോദി എക്സിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ഡിലീറ്റ് ചെയ്യുന്നത് പരിഗണിക്കണം. നമ്മുടെ സമുദ്ര പരിസരത്ത് യാതൊരു പ്രത്യാഘാതവുമില്ലാതെ മാരക ആക്രമണം നടത്താൻ കഴിയുമെന്നാണ് ഈ കപ്പലാക്രമണത്തിലൂടെ യു.എസ് തെളിയിച്ചത്. ഇത്തരത്തിലൊരു നീക്കം ദക്ഷിണ ചൈനാ കടലിൽ പ്രയോഗിക്കാൻ അമേരിക്ക ഒരിക്കലും ധൈര്യപ്പെടില്ല. ഇന്ത്യ അമേരിക്കയ്ക്കും ഇസ്രായേലിനും വഴങ്ങിയിരിക്കുകയാണ്. നമ്മുടെ മൂക്കിനു താഴെ അവർക്ക് വേണ്ടത് ചെയ്യാനും ഒ​രെതിർപ്പും കൂടാതെ എളുപ്പം രക്ഷപ്പെടാനും കഴിയും. ഇന്നലത്തെ ആക്രമണം ഇറാനെ ലക്ഷ്യം വച്ചായിരുന്നു - പക്ഷേ അത് ഇന്ത്യയെ നിസ്സാരവൽക്കരിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്തു. യുദ്ധം അക്ഷരാർത്ഥത്തിൽ നമ്മുടെ പടിവാതിൽക്കലാണ്, മോദിയുടെ നിശബ്ദത ദേശവിരുദ്ധമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാനിയൻ നാവികസേനയുടെ മൗഡ്ജ്-ക്ലാസ് ഫ്രിഗേറ്റായ ഐറിസ് ദേനക്ക് നേരെയാണ് ശ്രീലങ്കൻ തീരത്ത് ആക്രമണം നടന്നത്. ശ്രീലങ്കൻ തുറമുഖ നഗരമായ ഗാലെയിലെ ആശുപത്രി അധികൃതർ നൽകുന്ന വിവരമനുസരിച്ച് 87 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. 32 പേരെ രക്ഷപ്പെടുത്തി ചികിത്സയിൽ പ്രവേശിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ഏകദേശം 180 പേരിൽ 60 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു.

ഇന്ത്യയിൽനിന്ന് സംയുക്ത സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങുകയായിരുന്ന കപ്പലിനു നേരെ അമേരിക്കൻ അന്തർവാഹിനിയിൽനിന്നാണ് ‘ടോർപിഡോ’ ആക്രമണം ഉണ്ടായത്. ഫെബ്രുവരി 25ന് ബംഗാൾ ഉൾക്കടലിൽ സമാപിച്ച ‘ഇന്റർനാഷനൽ ഫ്ലീറ്റ് റിവ്യൂ 2026’ ൽ പങ്കെടുത്ത ശേഷമാണ് ഇറാനിയൻ കപ്പൽ മടക്കയാത്ര ആരംഭിച്ചത്.

പ്രാദേശിക സമയം പുലർച്ചെ 5.30ഓടെ ഗാലെ നഗരത്തിൽ നിന്നും 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചത്. ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. തങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ സഹായം നൽകുകയാണെന്ന് ശ്രീലങ്കൻ നാവികസേനാ വക്താവ് കമാൻഡർ ബുദ്ധിക സമ്പത്ത് പറഞ്ഞു. 



Tags:    
News Summary - U.S. sub sinks Iranian warship: pawan khera against narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.