ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. പട്നയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. ബിഹാറിൽ രണ്ട് പതിറ്റാണ്ടിലേറെ അടക്കിവാണ നിതീഷ് കുമാറിന്റെ വാഴ്ചക്കാണ് ഇതോടെ അന്ത്യമാകുന്നത്.
സംസ്ഥാനത്ത് ആദ്യമായി ഒരു ബി.ജെ.പി മുഖ്യമന്ത്രിക്കും കളമൊരുങ്ങി. മാർച്ച് ഒന്നിന് 75 വയസ്സ് പൂർത്തിയാക്കിയ ജനതാദൾ-യുവിന്റെ പരമോന്നത നേതാവിനെ രാജ്യസഭയിലേക്ക് എത്തിച്ചും മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയുമാണ് ബി.ജെ.പിയുടെ നിർണായക ഡീലെന്നാണ് വിവരം. ബി.ജെ.പിയുമായി വളരെ അടുത്ത ബന്ധമുള്ള ജനതാദൾ-യു വർക്കിങ് പ്രസിഡന്റും രാജ്യസഭാ എം.പിയുമായ സഞ്ജയ് ഝായെ മുന്നിലിറക്കിയാണ് നിതീഷിനെക്കൊണ്ട് രാജിക്ക് സമ്മതിപ്പിച്ചത്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനും ബിഹാറിൽനിന്ന് പത്രിക സമർപ്പിച്ചിട്ടുണ്ട്. നാലു മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 89 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നിതീഷിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ബി.ജെ.പി മഹാരാഷ്ട്രയിൽ ചെയ്തതാണ് ഇപ്പോൾ ബിഹാറിലും നടപ്പാക്കുന്നതെന്ന് ആർ.ജെ.ഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി. മാർച്ച് 16ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പോടെ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവെച്ച് പുതിയ മുഖ്യമന്ത്രിക്ക് കീഴിൽ ബി.ജെ.പി നയിക്കുന്ന സർക്കാറിനെ പിന്തുണക്കും.
ബി.ജെ.പിക്ക് ഒരിക്കലും മുഖ്യമന്ത്രിയെ വാഴിക്കാനാകാത്ത ഹിന്ദി ഹൃദയഭൂമിയിലെ ഏക സംസ്ഥാനമാണ് ബിഹാർ. നിതീഷിനെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പ് നേരിട്ടതിനാൽ ആദ്യം മുഖ്യമന്ത്രിപദത്തിലേറ്റിയ ശേഷം പിന്നീട് പിൻവലിക്കാമെന്നായിരുന്നു ബി.ജെ.പി തന്ത്രം. 10 തവണ മുഖ്യമന്ത്രിയായ നിതീഷ് നയിക്കുന്ന മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിപദം ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് നൽകിയതിൽനിന്നുതന്നെ മുഖ്യമന്ത്രി പദത്തിലേക്കായിരുന്നു ബി.ജെ.പിയുടെ കണ്ണ് എന്ന് വ്യക്തമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമ്രാട്ട് ചൗധരിയെ സംസ്ഥാനത്തെ വലിയ നേതാവായി ഉയർത്തുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ജിതിൻ റാം മഞ്ചി മുഖ്യമന്ത്രിയായ ചുരുങ്ങിയ ഇടവേള ഒഴിച്ചാൽ 2015 മുതൽ തുടർച്ചയായി നിതീഷ് മുഖ്യമന്ത്രി പദത്തിലുണ്ട്. മദ്യനിരോധനം നടപ്പാക്കിയ നിതീഷിനെ താഴെയിറക്കി അധികാരമേൽക്കുന്ന ബി.ജെ.പി മുഖ്യമന്ത്രി ആ നയം തിരുത്തി മദ്യത്തിന് അനുമതി നൽകുമെന്ന് അഭ്യൂഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.