ഉത്തർ ​പ്രദേശ്​ സമ്പൂർണ ഇരുട്ടിലേക്ക്​; ഊർജ മന്ത്രിയുടെ താക്കീതിന്​ പുല്ലുവില കൽപിച്ച്​ ജീവനക്കാർ സമരത്തിൽ

ലഖ്‌നോ: ഉത്തർപ്രദേശിനെ ഇരുട്ടിലാക്കി വൈദ്യുതി ജീവനക്കാരുടെ സമരം തുടരുന്നു. പിരിച്ചുവിടൽ ഭീഷണിയും കോടതി ഉത്തരവും മറികടന്നാണ് അരലക്ഷത്തിലേറെ ജീവനക്കാർ സമരം നടത്തുന്നത്. 72 മണിക്കൂർ സൂചന പണിമുടിക്കിന് ശേഷം ഞായറാഴ്ച അനിശ്ചിതകാല സമരത്തിലേക്ക് കടക്കുകയാണ് ജീവനക്കാർ.

വിവിധ സംഘടനകളിലെ തൊഴിലാളികൾ ചേർന്ന് രൂപീകരിച്ച സംയുക്ത സമര സമിതിയാണ് പണിമുടക്ക് മുന്നോട്ട് കൊണ്ട്പോകുന്നത്. ഉത്തർപ്രദേശ് പവർ കോർപറേഷൻ ലിമിറ്റഡ് സ്വകാര്യവൽകരിക്കാനുള്ള നീക്കം ഒഴിവാക്കുക. യു.പി.സി.എൽ ചെയർമാനെ മാറ്റുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന് നേതൃത്വം നൽകുന്ന ശൈലേന്ദ്ര ദുബെ ഉൾപ്പടെയുള്ള സമര സമിതി നേതാക്കളെ അറസ്റ്റ് ചെയ്യാൻ അലഹബാദ് ഹൈകോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് സമരം നടത്തുന്നവർ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും തൊഴിലാളികൾ അവഗണിച്ചു.

സൂചന പണിമുടക്കിൽ പങ്കെടുത്ത ആയിരത്തിലേറെ തൊഴിലാളികളെ യു.പി സർക്കാർ ഇതിനോടകം ജോലിയിൽ നിന്ന് നീക്കിയിട്ടുണ്ട്. സമരം തുടർന്നാൽ സമരക്കാരെ പിരിച്ച് വിട്ട് ഐ.ഐ.ടികളിൽ നിന്നടക്കം വിദ്യാർഥികളെ നിയമിക്കും എന്നാണ് ഉത്തർപ്രദേശ് ഊർജമന്ത്രിയുടെ താക്കീത്. ഇതിന്​ വില കൽപിക്കാതെ സമരം ശക്​തമാക്കുകയാണ്​ ജീവനക്കാർ. അനിശ്ചിതകാല സമരം കൂടി ആരംഭിക്കുന്നതോടെ വ്യവസായ മേഖല അടക്കം പൂർണമായും സ്തംഭിക്കും. 

Tags:    
News Summary - Uttar Pradesh into complete darkness; The employees are on strike against the energy minister's warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.