ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നതിനെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. യു.എസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽനിന്ന് പല ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇന്ത്യക്കെതിരെ മാത്രം നടപടി സ്വീകരിക്കുന്നത് ട്രംപിന്‍റെ ഇരട്ടത്താപ്പാണെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.
“ഒരുവശത്തുനിന്ന് മാത്രം നിർദേശങ്ങൾ വരികയും മറുവശത്തുള്ള കക്ഷി ചോദ്യംചെയ്യാതെ അനുസരിക്കുകയും ചെയ്യുന്ന സാഹചര്യം അംഗീകരിക്കാനാകില്ല. അത്തരം ദിവസങ്ങൾ അവസാനിച്ചു. 200 വർഷക്കാലം കോളനിവൽക്കരണത്തിനു കീഴിലായിരുന്നു നമ്മൾ. ഇനി അങ്ങനെയൊരു അവസരം ആർക്കും നൽകാനാകില്ല. എല്ലാ വർഷവും ബില്യൻ കണക്കിന് ഡോളറിന്‍റെ രാസവളം യു.എസ് റഷ്യയിൽനിന്ന് വാങ്ങുന്നുണ്ട്. യുറേനിയവും പലേഡിയവും റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
ഈ വർഷം ജനുവരി മുതൽ മേയ് വരെമാത്രം റഷ്യയിൽനിന്ന് 240 കോടി ഡോളറിന്‍റെ ഉൽപന്നങ്ങൾ യു.എസ് ഇറക്കുമതി ചെയ്തു. ഈ തുകതന്നെ കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം അധികമാണ്. ഇത്തരത്തിൽ മുന്നോട്ടുപോകുമ്പോൾ, ഇന്ത്യ യുക്രെയ്നിൽ റഷ്യയുടെ യുദ്ധസാമഗ്രികൾക്ക് ഊർജം പകരുകയാണെന്ന് ട്രംപിന് എങ്ങനെ പറയാനാകും? അമേരിക്കൻ ഡോളറിന് യുദ്ധത്തിന് കരുത്തുപകരാനാകില്ലേ? ഇരട്ടത്താപ്പണത്.
റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങുന്നതിലുമേറെ എണ്ണ ചൈന വാങ്ങുന്നുണ്ട്. അവർക്ക് തീരുവ വിഷയത്തിൽ ചർച്ച നടത്താൻ 90 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. നമുക്ക് ലഭിച്ചതാകട്ടെ 21 ദിവസവും. ആഗസ്റ്റ് 27 മുതൽ നമ്മുടെ ഉൽപന്നങ്ങൾക്ക് യു.എസിൽ 50 ശതമാനം താരിഫ് വരും. ചൈനീസ് ഉൽപന്നങ്ങൾക്ക് 30 ശതമാനവും.
രണ്ടാം തവണ അധികാരത്തിൽ വന്നപ്പോൾ ട്രംപിന്‍റെ പരിഗണനാ വിഷയങ്ങൾ മാറിയിരിക്കുന്നു. ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന് എന്ത് സംഭവിച്ചു? ചൈനയുമായുള്ള ഭൗമരാഷ്ട്രീയ വൈരത്തിന് എന്ത് സംഭവിച്ചു? നമ്മുടെ കണക്കുകൂട്ടലുകൾ അൽപം മാറ്റേണ്ടിയിരിക്കുന്നു. എന്തുതരം നടപടിയുണ്ടായാലും ആത്മാഭിമാനം അടിയറവെക്കാൻ നാം തയാറാകരുത്” -തരൂർ പറഞ്ഞു.
ട്രംപിന്‍റെ ഭീഷണിക്കിടെ ഇന്ത്യക്ക് പിന്തുണയുമായി റഷ്യയും രംഗത്തുവന്നിരുന്നു. പരമാധികാര രാഷ്ട്രങ്ങൾക്ക് അവരുടെ വ്യാപാര പങ്കാളികളെ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് റഷ്യ വ്യക്തമാക്കി. ഇന്ത്യക്കുമേൽ അമേരിക്ക നിയമവിരുദ്ധ വ്യാപാര സമ്മർദം ചെലുത്തുകയാണ്. എണ്ണ വാങ്ങുന്നത് ഉൾപ്പെടെ, റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ ട്രംപ് നിരന്തരം ഭീഷണി മുഴക്കുന്നതിനിടെയാണ് ക്രെംലിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.