ന്യൂഡൽഹി: വിവാദ നിഴലിലായ അമേരിക്കൻ ഫണ്ടിങ് ഏജൻസി ‘യു.എസ് എയ്ഡ്’ ഇന്ത്യയിൽ നൽകിവരുന്ന ഫണ്ടുകളെല്ലാം കേന്ദ്ര സർക്കാറിനാണെന്ന് ധനമന്ത്രാലയ രേഖകൾ. ഇതുപ്രകാരം 750 ദശലക്ഷം ഡോളർ (6500 കോടി രൂപ) ഇന്ത്യയിൽ നിലവിൽ ചെലവിടുന്നത് കേന്ദ്ര സർക്കാറുമായി കരാർ ഒപ്പിട്ട ഏഴ് പദ്ധതികൾക്ക്.
ഈ പദ്ധതികൾക്കായി 2023-24 സാമ്പത്തിക വർഷം 97 ദശലക്ഷം യു.എസ് ഡോളർ നൽകാമെന്നാണ് ‘യു.എസ് എയ്ഡ്’ ഏറ്റിട്ടുള്ളത്. 1951 മുതൽ ഉഭയകക്ഷി വികസന സഹായം എന്ന നിലക്ക് ഇന്ത്യക്ക് യു.എസ് എയ്ഡ് 555 പദ്ധതികൾക്കായി 1700 കോടി (1.47 ലക്ഷം കോടി രൂപ) യു.എസ് ഡോളർ നൽകിയിട്ടുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. 2023-24 സാമ്പത്തിക വർഷത്തെ ധനമന്ത്രാലയത്തിന്റെ രേഖയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രാലയം തന്നെ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ നുണപ്പടയാളികളുടെയും വിദേശ മന്ത്രിയുടെയും കള്ളം വെളിച്ചത്താക്കിയെന്ന് എ.ഐ.സി.സി മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ്. ധനമന്ത്രാലയത്തിന്റെ രേഖ പ്രകാരം ‘യു.എസ് എയ്ഡ്’ ഫണ്ട് ചെയ്ത ഏഴ് പദ്ധതികളും കേന്ദ്ര സർക്കാറുമായി സഹകരിച്ചുള്ളതാണ്. അവയിലൊന്നുപോലും തെരഞ്ഞെടുപ്പിൽ വോട്ടിങ് കൂട്ടാനുള്ള പദ്ധതിയല്ലെന്നും ജയ്റാം രമേശ് പറഞ്ഞു.
കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ഇതുവരെ വിരൽചൂണ്ടിയിരുന്ന ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ, കേന്ദ്രം ഈ ഫണ്ട് സംസ്ഥാനങ്ങൾക്ക് വികസനത്തിനായി കൈമാറുകയാണ് ചെയ്യാറുള്ളതെന്ന ന്യായവുമായി രംഗത്തുവന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പിൽ വോട്ടിങ് കൂട്ടുന്നതിന് ‘യു.എസ് എയ്ഡ്’ ഫണ്ട് നൽകിയെന്ന തന്റെ പ്രസ്താവന തിരുത്താനോ നിഷേധിക്കാനോ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനിയും തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.