ലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ ബി.എഡ് പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥികൾ റോഡരികിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് മലിനജല ഓടയിൽ വീണു. നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ മക്‌റോബർട്ട്ഗഞ്ചിലെ എച്ച്.എൻ മിശ്ര പി.ജി കോളജിന് സമീപമാണ് സംഭവം. 20ഓളം ഉദ്യോഗാർഥികളാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പരീക്ഷക്ക് ആവശ്യമായ രേഖകളുടെ ഫോട്ടോകോപ്പികൾ എടുക്കാൻ നഗർ നിഗം മാർക്കറ്റ് ഏരിയയിലെ കടയുടെ മുൻവശത്ത് നിരവധി ഉദ്യോഗാർഥികൾ ഒത്തുകൂടിയിരുന്നു. ഇതോടെ ഭാരം താങ്ങാനാവാതെ കോൺഗ്രീറ്റ് സ്ലാബ് തകരുകയായിരുന്നു. പരീക്ഷ എഴുതുന്നതിന് ആധാർ കാർഡിന്റെ പകർപ്പ് ആവശ്യമാണെന്ന് അവസാന നിമിഷമാണ് വിദ്യാർഥികളെ അറിയിച്ചതെന്നും ഇത് പരീക്ഷാർഥികളെ വലച്ചതായും വിദ്യാർഥികൾ ആരോപിച്ചു.
മലിനജലത്തിൽ വീണവരുടെ വസ്ത്രങ്ങളിൽ ചളിയായതായും പുസ്തകങ്ങളും അഡ്മിറ്റ് കാർഡുകളും മറ്റ് രേഖകളും നശിച്ചതായും ഉദ്യോഗാർഥികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഉദ്യോഗാർഥികളും അവരുടെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് അവർ ആരോപിച്ചു. വിദ്യാർഥികൾക്ക് ഉടൻതന്നെ സഹായം നൽകിയതായും അവരെ പരീക്ഷ എഴുതാൻ അനുവദിച്ചതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.