'മുസ്‍ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണം'; സന്യാസി ബജ്‌റംഗ് ദാസ് മുനിയുടേത് കൊടും ക്രിമിനൽ ഭൂതകാലം

ലഖ്‌നോ: മുസ്‍ലിം സ്ത്രീകളെ ഹിന്ദു യുവാക്കൾ ബലാത്സംഗം ചെയ്യണമെന്നും അവർ ലവ-കുശൻമാരെ പ്രസവിക്കണമെന്നും ആഹ്വാനം ​ചെയ്ത് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞ സന്യാസിയായിരുന്നു ബജ്‌റംഗ് ദാസ് മുനി. സംഭവം വാർത്തകളിൽ വന്നതിന് ശേഷം പൊലീസ് ഇയാൾക്കെതിരെ കേസ് എടുക്കാൻ തയ്യാറായെങ്കിലും ഇനിയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാൾക്ക് ഉത്തർപ്രദേശ് സർക്കാറുമായി അടക്കം അടുത്ത ബന്ധമുള്ളതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. അതേസമയം, ബജ്‌റംഗ് ദാസ് മുനിയുടെ ക്രിമിനൽ പശ്ചാത്തലം വെളിച്ചത്തുകൊണ്ടുവന്നിരിക്കുക്യാണ് 'ദി പ്രിന്റ്'. നിരവധി കേസുളിൽ പ്രതിയാണ് സന്യാസി എന്ന് റിപ്പോർട്ടിൽ പറയുന്നു.

യു. പി പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, യു.പിയിലെ സീതാപൂർ ജില്ലയിലെ ഖൈരാബാദിലുള്ള മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിലെ മുഖ്യ പുരോഹിതനാണ് ബജ്‌റംഗ് ദാസ് മുനി. ഇയാൾക്കെതിരെ മുമ്പ് നിരവധി വഞ്ചനാ കേസ് നിലവിലുള്ളതായി പൊലീസ് സമ്മതിക്കുന്നു.

യുപിയിലെ സീതാപൂർ, പ്രതാപ്ഗഡ്, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുനിക്കെതിരെ നാലോ അഞ്ചോ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് യു.പി പൊലീസ് ഉദ്യോഗസ്ഥർ 'ദി പ്രിന്റിനോട്' സ്ഥിരീകരിച്ചു. ഈ കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിദ്വേഷ പ്രസ്താവനകൾ നടത്തുകയും മുസ്‍ലിം സ്ത്രീകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്യുന്ന വ്യാഴാഴ്ചത്തെ വീഡിയോയെ തുടർന്ന് യു.പി പൊലീസ് മുനിക്കെതിരെ സെക്ഷൻ 298 പ്രകാരം മറ്റൊരു എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. 354 (ലൈംഗിക പീഡനം, ലൈംഗിക പരാമർശങ്ങൾ), 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്കോ ആംഗ്യമോ പ്രവൃത്തിയോ) എന്നിവയും ഉൾപ്പെടുത്തിയാണ് കേസ്. എന്നാൽ, ഇനിയും ഇയാളെ പിടികൂടിയിട്ടില്ല.

മുനിയുടെ ആരോപണവിധേയമായ ക്രിമിനൽ ഭൂതകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ ഇയാൾക്കെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ടെന്നും 'ദി പ്രിന്റിനോട്' സംസാരിച്ച എ.ഡി.ജി.പി പ്രശാന്ത് കുമാർ പറഞ്ഞു. മുനിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉചിതമായ നടപടി ഉടൻ ഉണ്ടാകുമെന്ന് കുമാർ ആവർത്തിച്ചു.

അയാളുടെ ക്രിമിനൽ ഭൂതകാലം തള്ളിക്കളയാനാവില്ല. അന്വേഷണം പുരോഗമിക്കുകയാണ്- കുമാർ പറഞ്ഞു. മുനി ബലാത്സംഗ ഭീഷണി മുഴക്കുന്ന വീഡിയോ വൈറലായി ഒരു ദിവസം കഴിഞ്ഞ്, വെള്ളിയാഴ്ച ദേശീയ വനിതാ കമ്മീഷനും മുനിക്കെതിരെ രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായതോടെ ക്ഷമാപണവുമായി മുനി രംഗത്തെത്തിയിരുന്നു. എല്ലാ സ്ത്രീകളെയും താൻ ബഹുമാനിക്കുന്നു എന്നായിരുന്നു സന്യാസിയുടെ ക്ഷമാപണം.

2020ലെ കോവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തിനിടെയാണ് മുനി ഖൈരാബാദിലെത്തി അവിടെയുള്ള ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തതെന്ന് ഖൈരാബാദ് സ്വദേശിയായ സാകേത് മിശ്ര പറയുന്നു.

മിശ്ര പറയുന്നതനുസരിച്ച്, യു.പിയിലെ പ്രതാപ്ഗഡ് ജില്ലയിലെ പാട്ടി പ്രദേശത്താണ് മുനി യഥാർത്ഥത്തിൽ ഉള്ളതെന്നും നാസിക്കിലെ ത്രയംബകേശ്വറിലെ ഷഡ് ദർശൻ അഖാര പരിഷത്തിന്റെ തലവയായ ബിന്ദു മഹാരാജുമായി ബന്ധപ്പെട്ടിരുന്നുവെന്നും മനസിലാകുന്നു.

തന്റെ പേരും ഫോട്ടോകളും ദുരുപയോഗം ചെയ്യുകയും സോഷ്യൽ മീഡിയ വഴി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തതിന് 2017ൽ ബിന്ദുജി മഹാരാജ് മുനിക്കെതിരെയും മറ്റ് ചിലർക്കെതിരെയും പരാതി നൽകിയിരുന്നു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഗോണ്ടി ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹം നശിപ്പിച്ച കേസിലും മുനിക്കെതിരെ കേസുണ്ട്. ഇതേ തുടർന്ന് ബജ്റംഗ് മുനിയെ അഖാഡയിൽനിന്ന് പുറത്താക്കിയതാണെനുനം മിശ്ര പറയുന്നു. അങ്ങനെയാണ് സീതാർപൂരിലേക്ക് വന്നത്. യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അടുത്ത ബന്ധമുണ്ടെനുനം ഇയാൾ ആശ്രമത്തിലെത്തുന്നവരോട് പറയുമായിരുന്നു എന്ന് മിശ്ര പറയുന്നു. പ്രദേശികമായി മുനിക്കെതിരെ എതിർപ്പുകൾ ഉയർന്നുവെങ്കിലും ബി.ജെ.പി അയാളുടെ രക്ഷക്കെത്തുക പതിവാണെന്നും മിശ്ര തുടർന്നു.

ഭൂമാഫിയയുടെ സഹായത്തോടെ അയാൾ വസ്തുവകകൾ വിൽക്കുകയും കോടികൾ കൊള്ളയടിക്കുകയും ചെയ്തു. വിഷയം അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. എട്ട്-പത്ത് കാവൽക്കാരെ അയാൾ എപ്പോഴും കൂടെ കൂട്ടും -മിശ്ര ആരോപിച്ചു. ആശ്രമത്തിന് സമീപം ഭൂമിയുള്ള മുസ്‍ലിംകളുമായി നിരന്തരം കലഹമായിരുന്നു എന്നും മിശ്ര സൂചിപ്പിച്ചു.

2018ലെ മുനിയുടെ ഒരു വീഡിയോ ഇപ്പോഴും ട്വിറ്ററിൽ ലഭ്യമാണ്. രാമക്ഷേത്രത്തിന്റെ ആവശ്യത്തിനായി ഹിന്ദുക്കളോട് ആയുധമെടുക്കാൻ അയാൾ അതിൽ ആഹ്വാനം ചെയ്യുന്നു.

"ഇതുവരെ, സ്നേഹത്തിന്റെ പാതയിലായിരുന്നു. പക്ഷേ, ഞങ്ങൾ വിജയിച്ചില്ല. ഹിന്ദു ആയുധമെടുക്കാത്തിടത്തോളം അതുവരെ രാമക്ഷേത്രം നിർമ്മിക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. രാമക്ഷേത്രത്തിന്റെ പാതയിൽ തടസ്സമായി നിൽക്കുന്നവരുടെ മൃതദേഹങ്ങളിൽ നിന്ന് പടവുകൾ രൂപപ്പെടാത്തിടത്തോളം കാലം രാമക്ഷേത്രം നിർമ്മിക്കാൻ കഴിയില്ല" -മുനി അദ്ദേഹം വീഡിയോയിൽ പറയുന്നു.

വ്യാഴാഴ്ചത്തെ വീഡിയോക്ക് പിന്നാലെ, തനിക്ക് മുസ്ലീങ്ങളിൽ നിന്ന് വധഭീഷണി ഉണ്ടെന്ന് മുനി അവകാശപ്പെട്ടു. എന്നാൽ, ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു. 

Tags:    
News Summary - UP seer accused of making ‘rape threats’ to Muslim women has ‘criminal past’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.