ഒജി, ഫ്ലക്സ് മുതൽ 2013ലെ പ്രസംഗം വരെ; ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി, ഇന്ത്യയുടെ വളർച്ച കണക്കുകൾ പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് വിമർശനം

ന്യൂഡൽഹി: ജെൻസി ഭാഷയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിന്റെ ശതാബ്ദി ആഘോഷ വേദിയിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രക്ഷോഭവും സമീപകാല പരീക്ഷ, വിദ്യാഭ്യാസ, തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും യുവാക്കൾ കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് ​ജെൻസികൾക്കിടയിൽ സജീവമാകാൻ കേന്ദ്രസർക്കാറും മോദിയും ശ്രമിക്കുന്നത്.

കല, രാഷ്ട്രീയം, ഭരണരംഗം, ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ ശ്രീറാം കോളജിലെ പൂർവവിദ്യാർഥികൾ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉdൾപ്പെടെ നിരവധി പ്രമുഖർ ഈ സ്ഥാപനത്തിന്റെ പൂർവവിദ്യാർഥികളാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ശ്രീറാം കോളജിലെ പൂർവ വിദ്യാർഥികളെ ഒജി എന്ന് വിളിക്കാമെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരണം.

2013ൽ എസ്.ആർ.സി.സി സന്ദർശിച്ചതും അപ്പോൾ നടത്തിയ പ്രസംഗത്തെക്കുറിച്ചും മോദി ഓർത്തെടുത്തു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ആദ്യമായി ശ്രീറാം കോളജിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തത്. ചെങ്കോട്ടയിലെ ദിമാഗി നക്സൽ വിവാദ പ്രയോഗത്തെക്കുറിച്ചും മോദി പരാമർശിച്ചു. തന്റെ ഹോമിയോപ്പതി ഡോസായ പ്രയോ​ഗം അത്തരക്കാരെ തുറന്നുകാട്ടിയെന്നായിരുന്നു മോദിയുടെ പ്രതികരണം.

2013ലെ ഇന്ത്യയെയും ഇന്നത്തെ ഇന്ത്യയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. 2013ൽ ഇന്ത്യ ‘ഫ്രജൈൽ ഫൈവ്’ (ദുർബലമായ അഞ്ച് രാജ്യങ്ങൾ) സമ്പദ്‌വ്യവസ്ഥകളിൽ ഉൾപ്പെട്ടിരുന്നുവെന്നും വളർച്ച മന്ദഗതിയിലായിരുന്നുവെന്നും മോദി പറഞ്ഞു. ഇന്ന് ഇന്ത്യ വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയുടെ ഏറ്റവും പുതിയ 7.8 ശതമാനം സാമ്പത്തിക വളർച്ചാ നിരക്ക് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം ചിലർക്ക് അംഗീകരിക്കാനാകുന്നില്ലെന്നും പ്രതിപക്ഷത്തെ വിമർശിച്ചു. 2013ലെ തന്റെ പ്രസംഗത്തിൽ പറഞ്ഞ ‘പ്രതീക്ഷയോടെ ഇന്ത്യയെ കാണണം’ എന്ന ആശയവും ഓർമിപ്പിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികളിലേക്ക് മാത്രം നോക്കാതെ അവസരങ്ങളിലേക്ക് ശ്രദ്ധ തിരിക്കണമെന്നായിരുന്നു യുവാക്കളോടുള്ള സന്ദേശം. വിദ്യാർഥികളോട് ജോലി അന്വേഷിക്കുന്നവരായി മാത്രം ഒതുങ്ങരുതെന്നും ലോകത്തെ സ്വാധീനിക്കുന്ന സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നവരാകണമെന്നും മോദി പറഞ്ഞു.

ലോകത്തെ പ്രമുഖ കൺസൾട്ടിങ്, അക്കൗണ്ടിങ് സ്ഥാപനങ്ങൾക്ക് സമാനമായി ഇന്ത്യക്കും സ്വന്തം ആഗോളതല സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവ പ്രഫഷണലുകൾ സംരംഭകരായി മാറണമെന്നും രാജ്യത്തിനകത്ത് ആഗോള നിലവാരമുള്ള കമ്പനികൾ സൃഷ്ടിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.

Tags:    
News Summary - PM Modi Uses Gen Z Lingo at SRCC Centenary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.