‘തടവിൽ കിടന്നപ്പോഴാണ് കാൻസർ തുടങ്ങിയത്; വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി’: വെളിപ്പെടുത്തലുമായി സഞ്ജയ് റാവത്ത്
മുംബൈ: തനിക്ക് പിടിപെട്ട കാൻസർ രോഗം തടവിൽ കഴിഞ്ഞ കാലവുമായി ബന്ധപ്പെട്ടിരിക്കാമെന്നും ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിഷാംശ പരിശോധനക്ക് വിധേയനാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായും ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
തടവറയിൽ വെച്ച് അധികാരികൾ ഭക്ഷണത്തിലോ വെള്ളത്തിലോ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ സർക്കാർ വളരെ ക്രൂരമാണെന്നും തങ്ങളെ എതിർക്കുന്നവർക്കെതിരെ ഏത് അറ്റവും വരെ പോകാൻ അവർക്ക് മടിയില്ലെന്നും മുതിർന്ന രാജ്യസഭാ എം.പി ആരോപിച്ചു.
പത്ര ചൗൾ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് 2022 ആഗസ്റ്റ് 1നാണ് റാവത്ത് അറസ്റ്റിലായത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് 101 ദിവസങ്ങൾക്ക് ശേഷം 2022 നവംബർ 9ന് അദ്ദേഹം ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായി. പിന്നീട് 'നർക്കത്‌ല സ്വർഗ്' (നരകത്തിലെ സ്വർഗം) എന്ന തന്റെ പുസ്തകത്തിൽ ജയിൽ അനുഭവങ്ങൾ അദ്ദേഹം എഴുതിച്ചേർത്തിരുന്നു. 2025 നവംബറിലാണ് തനിക്ക് വയറ്റിൽ കാൻസർ കണ്ടെത്തിയതെന്നും തുടർന്ന് വീട്ടിലും ആശുപത്രിയിലുമായി കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും നടത്തിയതായും റാവത്ത് അറിയിച്ചു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പ്രമുഖ മുഖവും മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷ ശബ്ദവുമായ റാവത്ത് ബി.ജെ.പിക്കും അതിന്റെ സഖ്യകക്ഷികൾക്കുമെതിരെയുള്ള കടുത്ത വിമർശനങ്ങൾക്ക് പേരുകേട്ടയാളാണ്. പതിറ്റാണ്ടുകളായി മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് മാധ്യമപ്രവർത്തകനായിരുന്ന റാവത്ത് ശിവസേന സ്ഥാപകൻ ബാൽ താക്കറെ സ്ഥാപിച്ച മറാത്തി പത്രമായ 'സാമ്ന'യുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.